ഇടുക്കി: വൈദ്യുത ബോര്‍ഡിന്റെ ജലസംഭരണികളിലേയ്‌ക്ക് ഒറ്റ ദിവസം ഒഴുകിയെത്തിയത് മൂന്ന് ശതമാനം വെള്ളം. 149.881 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലേയ്‌ക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ 7ന് അവസാനിച്ച ഒരു ദിവസത്തില്‍ അണക്കെട്ടുകളിലെ മൊത്തം സംഭരണ ശേഷി 60 ശതമാനമായി ഉയര്‍ന്നു. ഇത് ഉപയോഗിച്ച് 2475.475 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
16 ജലസംഭരണികളിലെ കണക്കാണിത്. ജൂണില്‍ ആരംഭിച്ച മഴ വര്‍ഷത്തില്‍ ഇത് വരെ 3208.469 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്.
തൃശൂര്‍ ജില്ലയിലെ പൊരിങ്കല്‍, ഷോളയാര്‍, ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്‍മുടി, മലങ്കര എന്നീ അണക്കെട്ടുകളും നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി അണക്കെട്ടുകളില്‍ 59 ശതമാനമാണ് ജലനിരപ്പ്. ഇടമലയാര്‍ 69, കുണ്ടള 60, മാട്ടുപ്പെട്ടി 48, കുറ്റ്യാടി 87, തരിയോട് 87, ആനയിറങ്കല്‍ 40 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 126.1 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം മഴയെ തുടര്‍ന്ന് തുറന്ന ഡാമുകളിലെ ഷട്ടറുകള്‍ ഇന്നലെ രാവിലെ മുതല്‍ അടച്ച് തുടങ്ങി. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്‍മുടി ഡാമുകളിലെ ഒന്ന് വീതം ഷട്ടറുകളാണ് തുറന്നന്നത്. മലങ്കര, കല്ലാര്‍കുട്ടി അണക്കെട്ടുകളില്‍ അഞ്ച് ഷട്ടറുകളും ലോവര്‍ പെരിയാറില്‍ രണ്ട് ഷട്ടറും ആയിരുന്നു ഞായറാഴ്ച തുറന്നത്. ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മഴ തുടരുമ്പോള്‍ കട്ടപ്പന, ചെറുതോണി, ലോറേഞ്ച് മേഖലകള്‍ എന്നിവിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പകല്‍ അനുഭവപ്പെട്ടത്.
അവധി ദിവസമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറവായിരുന്നു. സംസ്ഥാനത്താകെ ഉപയോഗിച്ചത് 53.2689 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു. ഇതില്‍ 37.4816 പുറത്ത് നിന്ന് കൊണ്ട് വന്നപ്പോള്‍ ബാക്കി 15.7873 ദശലക്ഷം യൂണിറ്റും ഇവിടെ ഉത്പാദിപ്പിച്ചതാണ്.
















