ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് തന്നെ കണ്ടെത്തി. റിസോര്‍ട്ടിന്റെ നിര്‍മാണാനുമതി സംബന്ധിച്ച 18 ഫയലുകളാണ് നഗരസഭ ഓഫീസിലെ അലമാരയില്‍ നിന്നു ലഭിച്ചത്.
കഴിഞ്ഞ മാസം 16 നാണ് റിസോര്‍ട്ടിന്റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്നും കൂട്ടത്തോടെ കാണാതായത്. നഗരസഭ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം പല തവണ പരിശോധിച്ചിട്ടും ഫയല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നഗരസഭാ ഓഫീസിലെ അലമാരയ്‌ക്കുള്ളില്‍ നിന്നാണ് ഇന്ന് ഫയലുകള്‍ കണ്ടെത്തിയത്. ആകെയുള്ള 32 ബില്‍ഡിങ് പെര്‍മിറ്റുകളില്‍ 18 എണ്ണമാണ് തിരികെ ലഭിച്ചത്.
അനധികൃത നിര്‍മ്മാണവും നികുതി വെട്ടിപ്പും ഉണ്ടെന്ന ആരോപണത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ച സമയത്തായിരുന്നു ഫയല്‍ നഷ്ടമായത്. ഇപ്പോള്‍ ഫയലുകള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പരിശോധനയ്‌ക്കായി ഫയലുകള്‍ കളക്ടര്‍ക്ക് കൈമാറുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
















