ഭോപ്പാല്‍: മൂന്നും വയസുകാരി മകളും 100 കോടിയുടെ ആസ്തിയും ഇനി സുമിത് റാത്തോഡിനും ഭാര്യ അനാമികയ്‌ക്കും ഒന്നുമല്ല. എല്ലാ ജീവിത ബന്ധങ്ങളും ഉപേക്ഷിച്ച് ഈ ജൈന ദമ്പതിമാര്‍ സന്ന്യാസ ജീവിതത്തിലേക്ക്. 23ന് ഗുജറാത്ത് സൂററ്റിലെ ജൈനമതാചാര്യന്‍ രാംലാല്‍ മഹാരാജില്‍ നിന്ന് ഇവര്‍ ദീക്ഷ സ്വീകരിക്കും.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇവരുടെ കുടുംബ വീട്. സുമിത്തിന്റെ അച്ഛന്‍ രാജേന്ദ്ര സിങ് റാത്തോഡ് വ്യവസായിയാണ്. അനാമികയുടെ അച്ഛന്‍ അശോക് ചാണ്ട്‌ലിയ ബിജെപിയുടെ നീമുച്ച് ജില്ലാ മുന്‍ പ്രസിഡന്റായിരുന്നു. ഇവരുടെ മകളെ ഇനി മുത്തച്ഛന്‍ അശോക് വളര്‍ത്തും.
മകള്‍ ജനിച്ച് എട്ടാം മാസത്തിലാണ് സന്ന്യാസമെന്ന തോന്നല്‍ സുമിത്തിലുണ്ടാകുന്നത്.
കഴിഞ്ഞ മാസം സൂറത്തിലെത്തി ജൈനമതാചാര്യന്‍ രാംലാല്‍ മഹാരാജുമായി സംസാരിച്ചപ്പോള്‍, ഭാര്യയുടെ സമ്മതം തേടി വരാനാണ് അദ്ദേഹം പറഞ്ഞത്. അനാമികയാകട്ടെ ഭര്‍ത്താവിന് പൂര്‍ണ പിന്തുണ നല്‍കി. ഇതും വെറും വാക്കുകളിലൊതുക്കിയില്ല. ഭര്‍ത്താവിന്റെ വഴി പിന്തുടരാന്‍ തീരുമാനിച്ചു. ഇതിനു ശേഷം ഇവര്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇവരെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
















