മട്ടാഞ്ചേരി: പ്രക്ഷുബ്ധമായ കടല്‍ തിരമാലകളില്‍പ്പെട്ട് മത്സ്യ ബന്ധന ബോട്ട് മുങ്ങി. ബോട്ടിലെ പത്ത് തൊഴിലാളികളെ സമീപത്തെ മറ്റു ബോട്ടുകാര് രക്ഷപ്പെടുത്തി. പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് കടലില്‍ മുങ്ങിയത്. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം. കൊച്ചി അഴിമുഖത്ത് പുറം കടലില്‍ രണ്ടാം ബോയക്ക് സമീപമാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. കുളച്ചല്‍ സ്വദേശി ഷീലന്റെ ഉടമസ്ഥതയിലുള്ള ഗാകുല്‍ദായെന്ന ഗില്‍നെറ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ശക്തമായ തിരയില്‍പ്പെട്ട ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ച് കയറി പലകകള്‍ തകര്‍ന്നാണ് മുങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ടിലെ തൊഴിലാളികളുടെ കരച്ചില് കേട്ട് ഇത് വഴി പോകുകയായിരുന്ന മറ്റൊരു മല്‍സ്യബന്ധന ബോട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ ഷിബുകുമാര്‍, എസ്ഐ രാജീവ്, എഎസ്ഐ അബ്ദുല്‍ റഹ്മാന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനോയി, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളികളെ തോപ്പുംപടി ഹാര്‍ബറിലെത്തിച്ചു.
ഉടമയും ബോട്ടിന്റെ സ്രാങ്കുമായ ഷീലന്‍, തൊഴിലാളികളായ സുജിന്‍, സെല്വന്, ശരവണന്, മില്ട്ടന്, മില്ലന്, മോഹന്‍, ചന്ദന്‍, വികാസ് എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍. മുങ്ങിയ ബോട്ടിന്റെ ഭാഗങ്ങള്‍ തിരയിലകപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് കഴുപ്പിള്ളി കടല്‍ തീരത്തടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: