ശ്രീനഗര്‍: സീനത്ത് ഉള് ഇസ്ലാമിനെ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ കശ്മീരിലെ പുതിയ കമാന്ഡറാക്കി. ജൂലൈ 10ലെ അമര്‍നാഥ് ആക്രമണത്തിന് നേതൃത്വം നല്കിയ കമാന്‍ഡര്‍ അബു ഇസ്മയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സീനത്ത് ഉള് ഇസ്ലാമിനെ കശ്മീരിലെ കമാന്‍ഡറാക്കിയത്. ഇതാദ്യമായാണ് ഒരു കശ്മീരുകാരന് ഈ സ്ഥാനത്തെത്തുന്നത്. ദക്ഷിണ കശ്മീരിലെ സുഗന് സാനിപുര സ്വദേശിയാണ് സീനത്ത്. കൊല്ലപ്പെട്ട അബു ഇസ്മയില്‍ പാക്കിസ്ഥാനിയാണ്.
ഇരുപത്തിയെട്ടുകാരനായ സീനത്ത് 2015 നവംബറിലാണ് ലഷ്കറില് ചേര്‍ന്നത്. സ്ഫോടനത്തിനുളള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണ്. 2017 ഫെബ്രുവരിയില്‍ നടന്ന ഷോപ്പിയാന്‍ ആക്രമണകേസിലെ മുഖ്യ പ്രതിയാണ്. സുരക്ഷാ സൈനികര്‍ അന്വേഷിച്ചുവരുന്ന കശ്മീര്‍ താഴ്വരയിലെ കൊടും ഭീകരരായ അഞ്ചുപേരില്‍ ഒരാളാണ്.
2008ല്‍ അല്‍- ബാദ് സംഘടനയില്‍ അംഗമായിരിക്കെ പൊതുസുരക്ഷാ നിയമപ്രകാരം സീനത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 2011ല്‍ ജയില്‍ മോചിതനായി.
പ്രാദേശിക മുസ്ലിംപളളിയിലെ ഇമാമായ പിതാവിന് ഒപ്പം കുറച്ചുകാലം ജോലി ചെയ്തു. ബിരുദധാരിയായ സീനത്ത് വിവാഹശേഷമാണ് ലഷ്കറില് ചേര്‍ന്നത്.
















