ഫലങ്ങളുടെ രാജാവാണ് മാങ്ങ. ഇന്ത്യയില്‍ ധാരാളമായി വളരുന്ന ഈ ഫലവ്യക്ഷത്തിന്റെ കലര്‍പ്പില്ലാത്ത രുചി ഇന്ന് നമ്മളില്‍ നിന്ന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തനതായ ഒട്ടേറെ നാടന്‍ മാവിനങ്ങളില്‍ പലതും ഇന്ന് കാലത്തിന്റെ പ്രയാണത്തില്‍ അപ്രത്യക്ഷമായി കഴിഞ്ഞു. ഇന്ന് നാം കാണുന്ന മൂവാണ്ടനും, കിളിച്ചുണ്ടനും പുറമേ ഒട്ടേറെ വിവിധ ഇനങ്ങള്‍ നമുക്കുണ്ടായിരുന്നു.
കല്ലുകെട്ടി, കുറ്റിയാട്ടൂര്മാവ്, നെട്ടുകുഴിയന്‍ ചുങ്കിരി, മുതലമൂക്കന്‍, കുലകുത്തി, ചന്ദ്രക്കാരന്‍ തുടങ്ങി പലതും നമ്മുടെ തനതു മാവിനങ്ങളാണ്. എന്നാല്‍ ഇതിനിടയിലും നാടന്‍ മാവുകളെ സംരക്ഷിച്ച് കൃഷിയുമായി മുന്നോട്ട് പോകുന്നവരുമുണ്ട്. എറണാകുളം ഉദയംപേരൂര്‍ പനയ്ക്കലില്‍ മാര്ട്ടിന് ജോസഫ് നാടന്‍ മാവുകളിലെ മികച്ച ഇനങ്ങളെ കണ്ടെത്തി അവയുടെ ബഡ് തൈകള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകനാണ്.
20 വര്‍ഷത്തോളമായി ഈ രീതിയില്‍ വിവിധ ഇനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. പുതിയവ കണ്ടെത്താനുള്ള പരീക്ഷണങ്ങളും തുടരുന്നുണ്ട്. കണ്ടെത്തുന്ന മികച്ച തൈകളുമായി നാടന്‍ മാവുകളുടെ മുകുളങ്ങള്‍ ഒട്ടിച്ചെടുക്കുകയാണ് പതിവ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഈ ഒട്ടുതൈകള്‍ നട്ടുവളര്‍ത്തുന്നത്.
വലിയ മാവിന്റെ തായ്ത്തടിയില്‍ പല നാടന്‍മാവിനങ്ങള്‍ ഒരുമിച്ച് ഒട്ടിച്ച് വളര്‍ത്തുന്ന രീതിയുമുണ്ട്. ഇതിന് ചെറുമാവിന്‍ കമ്പുകള്‍ തൊലിക്കുള്ളില്‍ സുഷിരങ്ങളുണ്ടാക്കി വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ നാടിനും പറ്റിയ നാടന്‍ മാവിനങ്ങളുണ്ടെന്ന് മാര്ട്ടിന് കണ്ടെത്തിയിട്ടുണ്ട്.
മഴക്കാലം അനുയോജ്യം
റബര്‍, ജാതി എന്നിവയില്‍ നിന്നും വ്യത്യസ്തമായി മാവിന്റെ കമ്പ് വെട്ടി പിടിപ്പിക്കണ രീതിയാണ് മാര്ട്ടിന് സ്വീകരിക്കുന്നത്. തുറസ്സായതും, സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് മാവ് വളര്‍ത്താന്‍ അനുയോജ്യമെന്ന് മാര്ട്ടിന് പറയുന്നു. കൂടുതല്‍ തണുപ്പുള്ള സ്ഥലങ്ങള്‍ മാവിനു പറ്റിയതല്ല. ഒട്ടുതൈകള്‍ നടാന്‍ രണ്ടടി നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളം അടിസ്ഥാനമായി ചേര്‍ത്ത,് തടമെടുക്കേണ്ടത്.
മഴക്കാലാരംഭമാണ് കൃഷിക്ക് അനുയോജ്യം. തയാറാക്കിയിട്ടിരിക്കുന്ന തടത്തിനുനടുവില് ചെറു കുഴി യെടുത്ത് പോളിത്തീന്‍ കൂട നീക്കം ചെയ്തു വേണം നടേണ്ടത്. ചെറുകമ്പുകള്‍ നാട്ടി ഒട്ടു മാവിന് തൈകള്‍ കാറ്റില്‍ ഒടിയാതെ കെട്ടിക്കൊടുക്കണം. കൃത്യമായ പരിചരണം നല്കിയാല് മാവുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കായ്ഫലം നല്‍കും.
ഫോണ്‍ : 9287521896
പ്രതികരിക്കാൻ ഇവിടെ എഴുതുക: