ഉദയാ സ്റ്റുഡിയോയില്‍ ‘വിശപ്പിന്റെ വിളി’യുടെ പണിപ്പുരയില്‍ വച്ചാണ് ചിറയിന്‍കീഴ് അബ്ദുള്‍ ഖാദര്‍ പ്രേംനസീറായി നാമകരണം ചെയ്യപ്പെട്ടതെന്ന് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു; ആ ചിത്രത്തിന് മുമ്പേ 1951 ല്‍ തന്നെ ‘മരുമകള്‍’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. പല കാരണങ്ങളാലും ചിത്രീകരണം നീണ്ടു നീണ്ടുപോയി.
ജന്മനാട്ടില് നിന്നകന്ന് അത്രയുംകാലം കഴിഞ്ഞപ്പോഴുള്ള ഹോം സിക്നസ്സ് മൂലം നാട്ടില്‍ ഇടയ്ക്കു വന്നശേഷം പിന്നീട് ചിത്രം മുഴുമിപ്പിക്കുവാന്‍ അവര്‍ വിളിച്ചപ്പോള്‍ താന്‍ താല്‍പ്പര്യം കാണിച്ചില്ല എന്ന് പ്രേംനസീര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചലച്ചിത്രാഭിനയത്തെ അത്ര ഗൗരവമായി ആ നാളുകളില്‍ അദ്ദേഹം കണ്ടിരുന്നില്ല എന്നതിന്റെ കൂടി സൂചനയിതിലുണ്ട്.
‘വിശപ്പിന്റെ വിളി’യുടെ സെറ്റിലെത്തിയപ്പോള്‍ തൊട്ടാവാം അദ്ദേഹം ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു സമീപനം സ്വീകരിക്കുന്നത്. ആ വര്‍ഷം തന്നെ ‘അച്ഛന്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായതും അതിന് പിന്നീട് തുടര്‍ച്ചകളുണ്ടായതും ഈ മാറ്റത്തിന്റെ സൂചകമാവണം.
‘മരുമകളു’ടെ റിലീസ് പരസ്യത്തില്‍ അബ്ദുള്‍ ഖാദര്‍ എന്ന പേരിനൊപ്പം ബ്രാക്കറ്റില്‍ പ്രേംനസീര്‍ എന്നും ചേര്‍ത്തിരുന്നുവെന്ന് ആ പരസ്യം വന്ന ഒരു പേപ്പര്‍ കട്ടിങ് സാക്ഷ്യമാക്കി ചേലങ്ങാട്ടു ഗോപാലകൃഷ്ണന്റെ പുത്രനും സുഹൃത്തുമായ സാജു ചേലങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യ വിളംബരങ്ങളില്‍ ചിലതില്‍ അബ്ദുള്‍ ഖാദര്‍ (പ്രേംനസീര്‍) കൊടുത്തിരുന്നതായും കേട്ടിട്ടുണ്ട്. ‘വിശപ്പിന്റെ വിളി’യുടെ പരസ്യങ്ങളില്‍ ആദ്യം തൊട്ടേ പ്രേംനസീര്‍ എന്നു ചേര്‍ത്തുപോന്നതു കണ്ടപ്പോള്‍ ആ താരനാമത്തിന്റെ ആനുകൂല്യം ‘മരുമകളു’ടെ ശില്‍പ്പികളും തുടര്‍ന്ന് പ്രയോജനപ്പെടുത്തിയതാവാം.
പോള്‍ കല്ലിങ്കലായിരുന്നു ‘മരുമകള്‍’ നിര്‍മിച്ചത്. പേരില്‍ നിന്നുതന്നെ നായികയുടെ പ്രതിയോഗിയായി ഒരമ്മായിയമ്മയെ നമുക്ക് സങ്കല്‍പ്പിക്കാനാകുന്നു. അമ്മായിയമ്മ/നാത്തൂന് പോരുകള്‍ അക്കാലംതൊട്ടേ ജനപ്രിയ സിനിമകളുടെ പ്രമേയത്തിലെ ഇഷ്ട ചേരുവയായിരുന്നുവല്ലോ.
എം.പി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘മരുമകള്‍’ സംവിധാനം ചെയ്തത് എസ്. കെ. ചാരിയെന്നാണ് സിനിക്കിന്റെ ചിത്രശാലയില്‍. വെള്ളിനക്ഷത്രത്തിന്റെ ഫിലിം ഡയറക്ടറിയിലും അപ്രകാരമാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ചിത്ര ദര്‍ശനത്തില്‍ എസ്. കെ. ചാരി, വേലുസ്വാമിക്കവി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം എന്നും കാണുന്നു.
ശാന്തിഭവനത്തിലെ മാധവന്‍പിള്ളയുടെ രക്ഷിതാവാണ് ശങ്കുപിള്ള. തന്റെ മകന് രവിയെക്കൊണ്ട് മാധവന്‍പിള്ള, ശങ്കുപിള്ളയുടെ മകള്‍ രമയെ വിവാഹം കഴിപ്പിച്ചത് അയാളുടെ ഭാര്യ കല്യാണിയമ്മയ്ക്കോ മകള്‍ വിമലയ്ക്കോ രുചിക്കാതെ വരുന്നതോടെ പോരിനു തുടക്കമാകുന്നു. രവി ഗവേഷണത്തിനായി ബോംബെയ്ക്ക് പോയതോടെ രമയ്ക്കു നേരിടേണ്ടിവന്ന പീഡനങ്ങള്‍ വര്‍ധിച്ചു.
ഇതിനിടയിലാണ് പ്രതിനായകനായ ഗോപിയുടെ പ്രവേശം. ഗോപിയെക്കൊണ്ടു വിമലയെ വിവാഹം കഴിപ്പിക്കാമെന്ന ഉദ്ദേശ്യത്തോടെ കല്യാണിയമ്മ അയാള്‍ക്ക് അമിതമായ സ്വാതന്ത്ര്യം നല്കുന്നു. ശാന്തി ഭവനത്തിലെ സ്വത്തുപയോഗിച്ചു ഗോപി സിനിമാക്കമ്പനി എന്ന വ്യാജത്തില് ചില ഏര്‍പ്പാടുകളിലേര്‍പ്പെട്ടു. അതിനിടയില്‍ കാമാര്‍ത്തനായ അയാളുടെ കണ്ണ് രമയില്‍ പതിഞ്ഞു.
അവള് പക്ഷെ വഴങ്ങില്ലെന്നായപ്പോള്‍ രമയ്ക്കെതിരെ അപവാദങ്ങളുയര്‍ത്താന്‍ തുടങ്ങി ഗോപി. രമയേയും അവളോട് അനുഭാവം പുലര്‍ത്തി വന്ന കാര്യസ്ഥന് ഗോപാലന് നായരെയും ചേര്‍ത്ത് അയാള്‍ വൃത്തികെട്ട കഥകളുണ്ടാക്കി. രമയുടെ സഹപാഠിയായിരുന്ന മാധുരി രവിയില്‍ ഭ്രമിച്ചിരുന്നു. രവി അതില്‍ മുഖം കൊടുത്തിരുന്നില്ല.
തന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ നിരാകരിക്കപ്പെട്ടതില്‍ ഖിന്നയായിരുന്നു അവള്. രമ എന്നോ എപ്പോഴോ അപരിചിതനായ ഒരാളോടു സംസാരിച്ചുനില്ക്കുന്ന ഒരു ഫോട്ടോ പ്രതികാരബുദ്ധിയോടെ രവിയുടെ ശ്രദ്ധയിലെത്തിക്കുന്നു. പ്രേയസിയുടെ ചാരിത്ര്യശുദ്ധിയില്‍ ശങ്കാലുവും അതിനാല്‍ ക്ഷുബ്ധനുമായി രവി നാട്ടിലേക്ക് മടങ്ങുന്നു.
രമയോടുള്ള കമ്പം മൂത്ത് അവളെ ബലാല്‍ക്കാരമായി പ്രാപിക്കുവാന്‍ ശ്രമിക്കുന്ന ഗോപിയെ കാണാനിടവരുന്ന വിമല അതു തടയുന്നു. തനിനിറം വെളിപ്പെട്ടതോടെ ഗോപി ശാന്തിഭവനത്തില്‍നിന്നും നിഷ്കാസിതനായി.
പ്രതികാരദാഹിയായി ഒരു റിവോള്‍വറുമായി മദിച്ചെത്തുന്ന ഗോപിയുടെ മുന്നില്‍ അയാളെ തടയാനായി ചാടി വീഴുന്ന വിമല നിറയേറ്റു മൃതിയടയുന്നു. അതോടെ കല്യാണിയമ്മയ്ക്ക് പശ്ചാത്താപം. പിന്നെ താമസിച്ചില്ല, രമയുടെ മേലുള്ള രവിയുടെ തെറ്റിദ്ധാരണ മാറുവാന്‍. അതോടെ ആ ദാമ്പത്യത്തിന് സുഖ തുടര്‍ച്ച. ശുഭം!
ഗോപി നടത്തുന്ന സിനിമാക്കമ്പനിയുടെ രംഗങ്ങള്‍ വളരെ തരംതാഴ്ന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഗോപിയുടെ കാമപ്പേക്കൂത്തുകള്‍ അതിനേക്കാള്‍ അരോചകമായും.
കഥയോട് ഒരു വിധത്തിലും ഇണങ്ങാത്ത രണ്ട് നാടകശകലങ്ങള്‍ ചിത്രത്തിലുണ്ട്. ജൂലിയസ് സീസറിന്റെ മൃതശരീരത്തിനു മുമ്പില്‍ മാര്‍ക്ക് ആന്റണി നടത്തിയ സുവിദിതമായ പ്രസംഗം നാലാം തരമായാണ് മുത്തയ്യ കാഴ്ചവച്ചത്.
മറ്റൊന്നുള്ളത് മുപ്പതുവെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥാഭാഗസ്മരണയാണ്. എസ്.ജെ. ദേവാണ് യൂദാസായി സ്ക്രീനിലെത്തിയത്. മുത്തയ്യയുടെ മാര്‍ക്ക് ആന്റണിയേക്കാള്‍ ഭേദമായിരുന്നു ദേവിന്റെ യൂദാസ് എങ്കിലും അമിതാഭിനയം അവിടെയും അരോചകമായെന്നാണ് സിനിക്കിന്റെ നിരീക്ഷണം.
നര്‍മ്മരംഗങ്ങളില്‍ അമ്പേ പാളിയ മുത്തയ്യ പക്ഷെ, വികാരക്ഷോഭമാര്‍ന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ ഭംഗിയായി അഭിനയിച്ചു. തന്റെ വഴി ഹാസ്യാഭിനയമല്ല, ക്യാരക്ടര്‍ ആക്ടിംഗാണെന്ന് മുത്തയ്യ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എന്ന് സിനിക്ക് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. അതു മുത്തയ്യ തിരിച്ചറിഞ്ഞു എന്ന് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള അഭിനയസപര്യ സാക്ഷ്യപ്പെടുത്തിയല്ലോ.
എസ്.ജെ. ദേവ് നാടകരംഗത്ത് അന്ന് പ്രസിദ്ധനായിരുന്നു. ചേര്‍ത്തലയിലെ പരുത്തിപ്പറമ്പില്‍ ദേവസ്യ, സ്വയം സ്വീകരിച്ച താരനാമമാണ് എസ്. ജെ. ദേവ് എന്നത്. ബാന്റ് വാദ്യ കലാകാരനായിട്ടായിരുന്നു തുടക്കം. ‘നിര്‍മ്മല’യായിരുന്നു ആദ്യ ചിത്രം. നിര്‍മ്മലയില്‍ അഭിനയിച്ച കുട്ടിയമ്മയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. അവരുടെ പുത്രനായ രാജന് പി. ദേവ് നാടകത്തിലും സിനിമയിലും ഒരുപോലെ ജ്വലിച്ചുനിന്ന് അകാലത്തില്‍ സമയ തീരത്തിനപ്പുറത്തേയ്ക്ക് മറഞ്ഞത് ഏറെ മുന്പല്ല.
പ്രേംനസീറിന്റെ സ്ക്രീനിലെ ആദ്യ പ്രത്യക്ഷത്തെ അനുഭാവ പൂര്‍വമാണ് സിനിക്ക് കാണുന്നത്.
”നല്ല മുഖവും സ്വാഭാവികമായ സംഭാഷണരീതിയും നിയന്ത്രിതമായ അഭിനയവും ഒരു വിദഗ്ദ്ധ സംവിധായകന്റെ കൈയില്‍ ശോഭിക്കാവുന്നതാണ്.
”ഒന്നുമാത്രം: ഒരു നായകനു വേണ്ട പ്രായപൂര്‍ത്തി തോന്നിക്കുന്നില്ല ആ കൊച്ചുവദനത്തില്‍!”
അനുജത്തി വിമലയായി അഭിനയിച്ച രേവതിയ്ക്ക് അദ്ദേഹത്തിന്റെ അമ്മയാകുവാന്‍ പ്രായംതോന്നിക്കുമായിരുന്നുവത്രെ. രമയായഭിനയിച്ച കോമളത്തിന് ജ്യേഷ്ഠ സഹോദരിയുടെ മട്ടും.
മാധുരിയുടെ ഭാഗമഭിനയിച്ച ദുര്‍ഗ്ഗാവര്‍മ്മയും കല്യാണിയമ്മയുടെ ഭാഗമഭിനയിച്ച സ്ത്രീയും ചിത്രത്തെ മോശമാക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു.സംഭാഷണമെഴുതിയത് കെടാമംഗലം സദാനന്ദനാണ്. ഗോപിയുടെ വേഷമഭിനയിച്ചതും അദ്ദേഹം തന്നെ. അദ്ധ്യാപകന്, നാടകകൃത്ത്, നര്ത്തകന്, നടന് എന്നീ നിലകളില്‍ വര്‍ത്തിച്ച അദ്ദേഹം ‘കഥാപ്രസംഗ’രംഗത്ത് സാംബശിവനോടൊപ്പം നക്ഷത്ര പദവി നേടി വിജയിച്ച കലാകാരനാണ്.
നൃത്തത്തില്‍ ഗുരു ഗോപിനാഥായിരുന്നു ഗുരു. വടക്കന്‍ പറവൂരിനടുത്തുള്ള കെടാമംഗലമായിരുന്നു ജന്മദേശം. തസ്ക്കര വീരന്, ഗുരുവായൂരപ്പന്, അരപ്പവന്‍, ദേവാലയം, വിപ്ലവകാരികള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴില്‍ കൈരാശിയ്ക്കു കഥയെഴുതി; ഹിന്ദിയില്‍ ‘ജൂലാ’യ്ക്കും.
അഭയദേവും മുതുകുളവുമെഴുതിയ 9 ഗാനങ്ങള്‍ക്ക് പി. എസ്. ദിവാകര്‍ സംഗീതം പകര്‍ന്നു. ജിക്കി, രേവമ്മ, ടി. എസ്. ലക്ഷ്മി, സെബാസ്റ്റ്യന്‍ ജോസഫ്, പ്രസാദറാവു എന്നിവരായിരുന്നു ഗായകര്‍. ചില നല്ല ഹിന്ദി ഗാനങ്ങളുടെ മധുര സ്മരണയില്‍ കയ്പു പുരട്ടുന്ന ചില ഗാനങ്ങളും ചിത്രത്തിലുണ്ടായിരുന്നുവെന്ന് സിനിക്ക് എഴുതുന്നു. ചാരിയുടെ സംവിധാനത്തെക്കുറിച്ചുള്ള സിനിക്കിന്റെ നിരീക്ഷണവും നിശിതമാണ്:
”ആദ്യന്തം അവിദഗ്ദ്ധം, ഭാവനാ ശൂന്യം!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: