കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസനത്തിനായുള്ള വിശദമായ പദ്ധതിരേഖയ്ക്ക് (ഡിപിആര്‍) കിഫ്ബി അംഗീകാരം നല്കി. ഇന്‍കെല്‍ സമര്‍പ്പിച്ച പദ്ധതിരേഖയില്‍ 76.5 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നതെന്ന് ആശുപത്രി വികസനസമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
എയര്‍ കണ്ടീഷന്‍ ചെയ്ത 7127 ചതുരശ്ര മീറ്ററിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, 2011 ചതുരശ്ര മീറ്ററിലുള്ള കാന്‍സര്‍ ബ്ലോക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്. എട്ട് നിലയുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ 187 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ആറ് ഓപ്പറേഷന് തീയേറ്ററുകള്‍, തീവ്രപരിചരണവിഭാഗങ്ങള്‍, വാര്‍ഡുകള്‍, എന്‍ഡോസ്കോപ്പി യൂണിറ്റ് എന്നിവ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ഉള്‍പ്പെടുന്നു. അഞ്ച് നിലകളുള്ള കാന്‍സര്‍ ബ്ലോക്കില്‍ 100 പേരെ കിടത്തി ചികിത്സിക്കാം.
കെട്ടിടനിര്മാണപ്രവൃത്തികള്ക്കായുള്ള ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. സപ്തംബര്‍ 22ന് പ്രിബിഡ് മീറ്റിങ് നടക്കും. ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ ലലേിറലൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇ-ടെന്‍ഡറുകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണത്തിനായുള്ള അവസാനതീയതി ഒക്ടോബര്‍ 6 ആണ്. നവംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനാണ് പരിപാടി. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: