ആലപ്പുഴ: കൊച്ചി വേദിയാകുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ പരിപാടിയില്‍ പങ്കുചേരാന്‍ ആലപ്പുഴ ജില്ല ഒരുങ്ങുന്നു. ഈ മാസം 27 ന് വൈകീട്ട് മൂന്നു മുതല്‍ ഏഴ് വരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിലാണ് ഗോളടിക്കല്‍ പരിപാടി. ഇതിനായി എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ട് കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളില്‍ അഞ്ച് കേന്ദ്രങ്ങളിലും ഗോള്‍പോസ്റ്റുകള്‍ ക്രമീകരിക്കും.
സ്‌കൂള്‍-കോളേജുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ അധീനതയിലുള്ള കളിസ്ഥലങ്ങളാണ് ഇതിനായി വിനിയോഗിക്കുക. എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പ്രായഭേദമെന്യേ ഗോളടിക്കാം. ഗോള്‍ കീപ്പറില്ലാത്തപരിപാടിയില്‍ അടിക്കുന്ന ഗോളുകളുടെ എണ്ണം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും മുനിസിപ്പാലിറ്റികളില്‍ 10000 ഗോള്‍വീതവും ആണ് ഉദ്ദേശിക്കുന്നത്.
















