അഗര്‍ത്തല; ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന ത്രിപുരയില്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ഉജ്വല മുന്നേറ്റം. ഇതാദ്യമായി എബിവിപി ഇവിടെ സീറ്റുകള്‍ കരസ്ഥമാക്കി. മൊത്തം 27 സീറ്റുകളാണ് നേടിയത്. കോളേജ് കൗണ്‍സിലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്രയും സീറ്റുകള്‍ നേടിയത് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് എസ്എഫ്ഐയെ ഞെട്ടിച്ചു.
മൊത്തം 22 കോളേജുകളാണ് ഉള്ളത്. 778 സീറ്റുകളും. ഇതില്‍ 751 എണ്ണം എസ്എഫ്ഐ, ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് സഖ്യം നേടിയിരുന്നു. എബിവിപി 27 സീറ്റുകളും നേടി. എബിവിപിക്ക് പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല. എന്നിട്ടും ആദ്യമായി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ എന്‍എസ്യുവിന് ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല.
പതിവു പോലെ എസ്എഫ്ഐ വലിയ വിജയം നേടിയെങ്കിലും 11 ശതമാനം സീറ്റുകള്‍ എബിവിപി നേടിയത് അവരുടെ ആഘോഷങ്ങളുടെ പൊലിമ കുറച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ പേരില്‍ പലയിടങ്ങളും എസ്എഫ്ഐ അക്രമം അഴിച്ചുവിടുകയും ചെയ്തു. എംബിബി, ബിബിഎം കോളേജുകളില്‍ എബിവിപി ജയിച്ചതായി പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഡിവൈഎഫ്ഐ , സിഐടിയുക്കാരും എസ്എഫ്ഐക്കാരും ചേര്‍ന്ന് എബിവിപിക്കാര്‍ക്കു നേരെ അക്രമം നടത്തുകയായിരുന്നു. ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലും കുപ്പിയും അവര്‍ എറിഞ്ഞു. ഡിഐജി അരിന്ദം നാഥ്, എസ്പി അഭിജിത്ത് സപ്തര്‍ഷി എന്നിവരടക്കം 12 പോലീസുകാര്‍ക്കും നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും 17 എബിവിപിക്കാര്‍ക്കും പരിക്കേറ്റു. പോലീസ് പറഞ്ഞു.
അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി പ്രതിപക്ഷ സ്ഥാനത്തേക്ക് കടന്നുവരുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകന് സുഭാഷ് ദാസ് പറഞ്ഞു.
















