ന്യൂദല്‍ഹി: ഡ്രൈവിങ് ലൈസന്‍സും ആധാറും ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുന്നു. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര നിയമ-വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017 ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗതമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് തടയുക ലക്ഷ്യമിട്ടാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ആധാര്‍ ഡിജിറ്റല്‍ വ്യക്തിവിവരശേഖരമാണ്. ശാരീരിക വിവരശേഖരം മാത്രമല്ല. ഡിജിറ്റല്‍ വിവരശേഖരം ഫിസിക്കല്‍ ഐഡന്റിറ്റിയെ സാധൂകരിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. 2018 ഫെബ്രുവരിക്കകം ആധാറുമായി ബന്ധിപ്പിക്കാനാണ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഫെബ്രുവരിക്ക് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമ്മുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
















