കാക്കനാട്: ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം എങ്ങുമെത്തിയില്ല. അരലക്ഷം പേര്‍ക്കാണ് ഇനി റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ളത്. അച്ചടി പൂര്‍ത്തിയാക്കി 34,871 റേഷന്‍ കാര്‍ഡുകള്‍ എത്താന്‍ വൈകുന്നതോടെയാണ് ജില്ലയിലെ കാര്‍ഡ് വിതരണം നീളാന്‍ കാരണം. ജില്ലയിലെ 63 റേഷന്‍ കടകളിലായി 57,992 കാര്‍ഡുകളാണ് വിതരണം ചെയ്യാനുള്ളത്. വിതരണം ചെയ്ത കാര്‍ഡുകളിലെ തെറ്റുകളെ തുടര്‍ന്ന് 25,622 കാര്‍ഡുടമകള്‍ക്ക് നല്‍കാതെ മാറ്റി വച്ചിരിക്കുകയാണ്.
ജില്ലയില്‍ ആകെ 1342 റേഷന്‍ കടകളുടെ പരിധിയില്‍ 7,92,605 കാര്‍ഡുടമകളാണുള്ളത്. ഇവയില്‍ 1279 കടകളുടെ പരിധിയില്‍ വിതരണം നടത്തിയിട്ടുണ്ട്. 7,34,613 കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ്, കൊച്ചി, ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ എന്നീ താലൂക്കുകളുടെ പരിധിയിലുള്ള കടകളില്‍ വിതരണം പൂര്‍ത്തിയായി. കുന്നത്തുനാട് താലൂക്കില്‍ 49 കടകളിലും കൊച്ചി റേഷനിംഗ് ഓഫീസ്, കണയന്നൂര്‍ താലൂക്ക് എന്നിവിടങ്ങളില്‍ ഏഴ് കടകളില്‍ വീതവും പൂര്‍ത്തിയാവാനുണ്ട്. ജൂലൈ മാസം 30ഓടെ വിതരണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ അച്ചടിയിലുണ്ടാവുന്ന കാലതാമത്തെ തുടര്‍ന്നാണ് വിതരണത്തില്‍ കാലതാമസം നേരിടുന്നത്. അച്ചടിച്ച് ലഭിച്ച കാര്‍ഡുകളുടെ വിതരണം സമയബന്ധിതമായി വിതരണം ചെയ്തെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. രാമചന്ദ്രന് പറഞ്ഞു.
അച്ചടിയില്‍ ഗുരുതരമായ തെറ്റുകളെ തുടര്‍ന്ന് വിതരണം ചെയ്യാതെ 25622 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. പേരുകളിലെ ചെറിയ വ്യത്യാസം മുതല്‍ കുടുംബനാഥയുടെ ഫോട്ടോ, വിലാസം എന്നിവ തെറ്റായി അച്ചടിച്ച കാര്‍ഡുകള്‍ വരെ ഇത്തരത്തില്‍ മാറ്റിവച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത ശേഷമാവും ഇവ വീണ്ടും അച്ചടിച്ച് വിതരണം ചെയ്യും.
കാര്‍ഡിലുണ്ടായ വസ്തുതാപരമായ തെറ്റുകള്‍ മൂലം കാര്‍ഡിന്റെ പുറം ചട്ടയും ഒന്നാം പേജും വീണ്ടും അച്ചടിക്കേണ്ടി വരും. ചെറിയ തെറ്റുകളുള്ളവയെല്ലാം വിതരണം ചെയ്യുന്നുണ്ട്. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ്, കണയന്നൂര്‍, കുന്നത്ത് നാട് താലൂക്ക് പരിധി എന്നിവിടങ്ങളിലാണ് വ്യാപകമായി തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത്. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് 6361, കണയന്നൂര്‍ 6941, കുന്നത്തുനാട് 5214 കാര്‍ഡുകള്‍ മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: