ജയ്‌പൂര്‍ : രാജസ്ഥാനില്‍ കാര്‍ഷിക വായ്‌പകള്‍ എഴുതി തള്ളാന്‍ 20,000 കോടി അനുവദിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കര്‍ഷകര്‍ രണ്ടാഴ്ചയായി സമരം നടത്തി വരികയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരും പ്രതിനിധികളും തമ്മില്‍ നടത്തിയ 11 മണിക്കൂര്‍ ചര്‍ച്ചയിലാണ് 20,000 കോടിയുടെ സാമ്പത്തിക സഹായം അനുവദിക്കാന്‍ തീരുമാനമായത്.കര്‍ഷകരുടെ പെന്‍ഷന്‍ 500ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയില്‍ അംഗീകരിച്ചിട്ടുണ്ട്.
50,000 രൂപയില്‍ താഴെയുള്ള കടങ്ങള്‍ എഴുതി തള്ളും.എട്ടുലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ കാര്‍ഷിക ധനാശ്വാസം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ചര്‍ച്ചയ്‌ക്കുശേഷം കൃഷി മന്ത്രി പ്രഭുലാല്‍ സെയ്‌നിയാണ് ധനസഹായം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തി വന്ന സമരം കര്‍ഷകര്‍ പിന്‍വലിച്ചു
മന്ത്രിമാരായ പ്രഭുലാല്‍ സെയ്‌നി, അജയ് കിലക്, പുഷ്‌പേന്ദ്ര സിങ്, റാം പ്രതാപ്, ബിജെപി സംസ്ഥാന പ്രസിഡന്റ് അശോക് പ്രമാണി, സിപിഎം എംഎല്‍എമാരായ അമര റാം, പെമര റാം, മറ്റു നേതാക്കളായ ഹര്‍പൂള്‍ സിങ്, ഗുര്‍ശരണ്‍ സിങ്, ഷിയോപത് റാം, നാരായണ്‍ ദുദുയ്, ലാല്‍ചന്ദ് ഭാഗു, ചാഗ്ഗന്‍ലാല്‍, 11 കര്‍ഷക പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്.
















