ബത്തേരി: പാപ്ലശ്ശേരിയില്‍ പശുക്കിടാക്കളെ കടുവ ആക്രമിച്ചു കൊന്നു. ജഡവുമായി പ്രതിഷേധിച്ച നാട്ടുകാര്‍ മൂന്നാനക്കുഴി ഫോറസ്റ്റ് സ്റ്റേഷനും ബത്തേരി-മാനന്തവാടി റോഡും ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെ മേയാനായി പാപ്ലശ്ശേരി ചുങ്കം പ്രദേശത്ത് റോഡരികില്‍ വിട്ട കുന്നേല്‍ രാജപ്പന്റെ ഒരു വയസ്സുള്ള രണ്ടു പശുക്കുട്ടികളെയാണ് കടുവ കൊന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രദേശവാസിയായ അയമുവിന്റെ ആടിനെയും കടുവ കൊന്നിരുന്നു. വളര്ത്തുമൃഗങ്ങള്ക്കെതിരേ കടുവയുടെ ആക്രമണം പതിവായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പും കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു. റോഡരികില്‍ പട്ടാപ്പകല്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായത് നാട്ടുകാരെ ഭീതിയിലാക്കി. കടുവ ആക്രമണം പതിവായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നു വനംവകുപ്പ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനും റോഡും ഉപരോധിച്ചത്. ഇതേത്തുടര്‍ന്ന് വനംവകുപ്പ്, പോലിസ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്, വൈസ് പ്രസിഡന്റ് ശ്രീജ സാബു, ചെതലയം റേഞ്ച് ഓഫിസര്‍ സജികുമാര്‍ രയരോത്ത്, മീനങ്ങാടി എസ്ഐ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. കടുവയെ കൂടുവച്ച് പിടികൂടുമെന്നും പശുക്കുട്ടികളുടെ ഉടമസ്ഥന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ടി വി സുരേഷ്, ടി പി ശശി, കെ വിനോദ്, ജോജോ പാപ്ലശ്ശേരി, ഇ കെ സാബു, സി കെ അയൂബ് സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: