മൂവാറ്റുപുഴ: രാജ്യം ഭരിക്കുന്നത് ജനസമൂഹത്തിന്റെ പ്രധാനമന്ത്രിയാണെന്നും അവരുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ആര്‍എസ്എസ്, ബിജെപി അജണ്ടയാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച ആദ്യസ്വീകരണപരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ഓടെ എല്ലാവര്ക്കും ശൗചാലയവും 2022-ല്‍ എല്ലാവര്ക്കും വീടും സാധാരണക്കാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുകയാണ് മോദി സര്‍ക്കാറിന്റെ നയം. കേരളത്തില്‍ ടൂറിസം മേഖലയിലെ കൈയേറ്റങ്ങള്‍ തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യങ്ങളുള്പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ മാത്രമേ കൂടുതല്‍ പേര് എത്തുകയുള്ളൂ. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം എല്ലാ സഹായവും ചെയ്യും.
കേരളത്തിന്റെ വികസനം തകര്‍ന്നടിഞ്ഞുവെന്നും കടക്കെണിയില്‍ മുങ്ങിയിരിക്കുന്ന സംസ്ഥാനത്തിന് ലോട്ടറിയും മദ്യവുമാണ് വരുമാനസ്രോതസ്സെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള സംസ്ഥാനത്ത് ആ മേഖലയെയും ഐടിമേഖലയെയും വളര്‍ത്തിയെടുക്കുവാനും അതിലൂടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നേടിയെടുക്കുവാനും കിട്ടിയ അവസരമാണ് കേന്ദ്രമന്ത്രിയായി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പി. ഗോപാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ജില്ലാ കമ്മറ്റിയ്ക്കുവേണ്ടി ഷാള്‍ അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.
ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്. ശ്രീധരന്‍പിള്ള, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, അഡ്വ. കെ.ആര്. രാജഗോപാല്‍, രേണുകസുരേഷ്, എന്‍.പി. ശങ്കരന്‍കുട്ടി, പി.പി. സജീവ്, വി.എന്‍. വിജയന്, എം.എന്‍. മധു, കെ.കെ. ദിലീപ്കുമാര്, സെബാസറ്റിയന്മാത്യു, ടി. ചന്ദ്രന്, കെ.എന്‍.അജീവ്, കൗണ്‍സിലര്‍മാരായ അഡ്വ. പി.പ്രേംചന്ദ്, ബിന്ദുസുരേഷ്, സീമ അശോകന്, എം.ബി. ബിനു, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് അഹമ്മദ് തോട്ടത്തില്‍, റജി കപ്യാരട്ടേല്‍, അരുണ്‍മോഹന്‍, ആര്. ജയറാം, ഷൈന്‍.കെ. കൃഷ്ണന്, നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് വില്‍സണ്‍. എം.എസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: