ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകം. ദേശീയപാത, സ്‌കൂളുകള്‍,ആരാധാനാലയങ്ങളുടെ എന്നിവയുടെ ഓരങ്ങളിലാണ് മാലിന്യ നിക്ഷേപം. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കത്തതാണ് മാലിന്യം വലിച്ചറിയുന്നത് വ്യാപകമാവാന്‍ കാരണം.
രാത്രികാലങ്ങളില്‍ അറവുശാലാ അവശിഷ്ടങ്ങള്‍ക്കൊപ്പം ജൈവ, അജൈവ മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നതും പതിവാണ്. ദേശീയപാതയില്‍ മാലിന്യം ചാക്കുകളാക്കി തള്ളുന്നതും പതിവാണ്. വളഞ്ഞവഴി, കാക്കാഴം,പഴയങ്ങാടി, പുറക്കാട് ദേശീയപാതയോരത്ത് ചാക്കുകെട്ടിലാക്കി മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ദേശീയ പാതയ്‌ക്കരുകില്‍ പുലര്‍ച്ചെയാണ് അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക്ക് ചാക്കിലാക്കി കൊണ്ടു തള്ളുന്നത്.
ഇത് സമീപത്ത് താമസിക്കുന്ന വീട്ടുകാരെ കൂടുതല്‍ ദുരിതത്തിലാക്കി. ആലപ്പുഴ നഗരസഭയിലെ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം വര്‍ധിക്കുകയാണ്. നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ എയ്‌റോബിക് കംപോസ്റ്റുകളും വീടുകളില്‍ പൈപ്പ് കംപോസ്റ്റുകളും സ്ഥാപിച്ചാണ് നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്. നിലവില്‍ നഗരസഭയിലെ മാലിന്യങ്ങള്‍ എയ്‌റോബിക് കംപോസ്റ്റുവഴി വളമാക്കി മാറ്റി വില്‍പ്പന നടത്തുന്നു. ഇത് തുടരുന്നുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഹോട്ടല്‍ ഭക്ഷണ മാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനായി പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രവര്‍ത്തനരഹിതമായതും മാലിന്യ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വണ്ടിയില്‍കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതായും പരാതി ഉയരുന്നു.
പ്രദേശങ്ങളിലെ റോഡുകളിലും വീടുകളുടെ മുന്‍ഭാഗത്തുമാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത്. രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ കത്താതെ കിടക്കുന്നതും മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അര്‍ധരാത്രിക്ക് ശേഷം ഇരുളിന്റെ മറവില്‍ വീട്ടുമാലിന്യവും കക്കൂസ് മാലിന്യവും ഇറച്ചിക്കടയിലെ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ അറിയുന്നില്ല.
പുലര്‍ച്ചെ ദുര്‍ഗന്ധം വമിക്കുമ്പോഴാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.അന്യജില്ലകളില്‍ നിന്നും ജില്ലയുടെ പല പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ഏറെ നാളുകളായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: