ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഭീകരസംഘടനയെന്ന് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലേതുള്‍പ്പെടെ നാല് ഭീകരവാദ കേസുകളില്‍ പിഎഫ്ഐയുടെയും ഇതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ട്. പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദ്, കശ്മീര്‍ റിക്രൂട്ട്മെന്റ്, ഐഎസ് റിക്രൂട്ട്മെന്റ് എന്നിവയിലെ പിഎഫ്ഐയുടെ ബന്ധത്തിന്റെ തെളിവുകളും എന്‍ഐഎ കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
മതനിന്ദയാരോപിച്ച് കേരളത്തില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം, കണ്ണൂര്‍ നാറാത്തെ ഭീകരരുടെ പരിശീലനം, ബെംഗളുരുവിലെ ആര്‍എസ്എസ് പ്രവര്ത്തകന് രുദ്രേഷിന്റെ കൊലപാതകം, ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താനുള്ള ഐഎസ് പദ്ധതി എന്നീ നാല് കേസുകളിലും പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമമായ യുഎപിഎ ചുമത്തിയിരുന്നു. സാമൂഹ്യാന്തരീക്ഷത്തെ മതഭീകരതയിലേക്ക് നയിക്കുന്നതും ഇസ്ലാമിനെ താലിബാന്വത്കരിക്കുന്നതും സാമൂഹ്യ ഭിന്നതകളെ ആഴത്തിലാക്കുന്നതുമായ പ്രവര്‍ത്തനമാണ് സംഘടനയുടേത്.
ദേശീയസുരക്ഷ അപകടത്തിലാക്കുകയും ശാരീരികാക്രമണത്തിന് പ്രവര്‍ത്തകരെ സജ്ജരാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകസംഘടനകളെയും സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി തീവ്രമതചിന്തകള്‍ സമുദായത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനും ഇതരമതസ്ഥരെ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതിനും നേതൃത്വം നല്കുന്നു. മഞ്ചേരിയിലെ സത്യസരണി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പിഎഫ്ഐയുടെ സ്ഥാപനമാണ്. വനിതാ വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയായ സൈനബ വൈക്കത്തെ അഖിലയുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിരോധിത മുസ്ലിം ഭീകര സംഘടനയായ സിമിയുടെ നേതാക്കളാണ് പിഎഫ്ഐയുടെ സ്ഥാപക നേതാക്കളില്‍ പലരും. മുന്‍ ചെയര്മാന് ഇ.എം. അബ്ദുറഹിമാന്, ദേശീയ വൈസ് ചെയര്മാന് പി.കോയ, എസ്ഡിപിഐ പ്രസിഡണ്ട് ഇ. അബൂബക്കര്‍ തുടങ്ങിയവര്‍ സിമിയുടെ പ്രധാന ചുമതലകള്‍ വഹിച്ചവരാണ്. 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിഎഫ്ഐയുടെ ഏറ്റവും സ്വാധീനമേഖല കേരളവും കര്‍ണാടകവും തമിഴ്നാടുമാണ്. ബോംബു നിര്‍മ്മാണത്തിനും പ്രത്യേക സംഘമുണ്ട്. ആയുധപരിശീലനത്തിന് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: