രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്ഫോടന പരമ്പരയില്‍ രണ്ട് പേര്‍ക്കുകൂടി വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് മുംബൈ പ്രത്യേക കോടതി രണ്ടാംഘട്ട വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി. 257 പേര് കൊല്ലപ്പെട്ട സ്ഫോടനപരമ്പരക്കേസിലെ പ്രതികളായ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന് എന്നിവര്‍ക്കാണ് വധശിക്ഷ. 1993 മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന അതിഭീകരമായ 12 ബോംബ് സ്ഫോടനങ്ങളില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 129 പേര് പ്രതികളായ പ്രധാന കേസിലെ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കിയാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി സി.എം. സനപ് വിധി പ്രഖ്യാപിച്ചത്. 2006ല്‍ 100 പേരെ കോടതി ശിക്ഷിച്ചിരുന്നു. 12 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്ത തടവുമായിരുന്നു ശിക്ഷ. വധശിക്ഷ വിധിച്ചവരില്‍ 10 പേര്‍ക്ക് പിന്നീട് ജീവപര്യന്തമാക്കി.
പ്രതികളായ യാക്കൂബ് മേമനെ തൂക്കിലേറ്റി. 2015 ജൂണ്‍ 28ന് മറ്റൊരു പ്രതി മുസ്തഫ ദോസ ഹൃദയാഘാതത്താല്‍ മരിച്ചു. അധോലോക നായകന്മാരായ അബു സലീം, കരീംമുള്ളാഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും പാക്കിസ്ഥാനിലാണെന്നാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. പോര്‍ച്ചുഗല്‍ പൗരനായ അബു സലീമിന് 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ വിധിക്കാനാവില്ലെന്ന് ഇരുരാജ്യങ്ങള്‍ തമ്മില്‍ ഉടമ്പടി ഉള്ളതിനാല്‍ ഇത് കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍.
രാജ്യത്തെ ഞെട്ടിച്ച സ്ഫോടന പരമ്പരകളില്‍ ആദ്യത്തേതാണ് മുംബൈ സ്ഫോടനം എന്നുപറയാം. 24 വര്‍ഷത്തിനുശേഷം രണ്ടു പ്രധാനപ്രതികളെ പിടികൂടാതെയാണ് രണ്ടാംഘട്ട വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ നടുക്കിയ, നിരപരാധികളെ കൂട്ടക്കൊല ചെയ്ത സ്ഫോടന പരമ്പരയില്‍ പ്രതികളെ ശിക്ഷയ്ക്ക് വിധിക്കുന്നത് ഏറെ വൈകിയാണ്. വൈകി നീതി നടപ്പാക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാവുകയാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കണമെങ്കില്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ഉണ്ടാവേണ്ടതുണ്ട്. സുദീര്‍ഘമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനെടുക്കുന്ന കാലതാമസം ഈ കേസില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കി ശിക്ഷാവിധി നടപ്പിലാക്കിയിരുന്നെങ്കില്‍ രാജ്യത്തെ നടുക്കിയ മറ്റ് സ്ഫോടന പരമ്പരകള്‍ ഇല്ലാതാക്കാനാവുമായിരുന്നു എന്ന നിരീക്ഷണം പരിശോധിക്കേണ്ടതാണ്.
2164 പേജുള്ള വിധിന്യായത്തില്‍ കോടതി സുപ്രധാനമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മുഖ്യപ്രതികളിലൊരാളായ ഫിറോസ് ഖാന് ഉന്നത വിദ്യാഭ്യാസ പശ്ചാത്തലമുള്ള കുടുംബത്തിലെ വ്യക്തിയാണെന്നും നാവികസേനയിലെ ഉദ്യോഗസ്ഥന്റെ മകനാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നു. കൊതുകിനെ കൊല്ലാനല്ല ആര്‍ഡിഎക്സ് കൊണ്ടുവന്നതെന്നും, എകെ 56 തോക്കുകള്‍ മുംബൈയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാനായിരുന്നില്ലെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നു. അടുത്ത തലമുറയ്ക്ക് മാതൃകയാകുന്നവിധം ഭീകരവാദശക്തികള്‍ക്ക് ശിക്ഷ നല്‍കേണ്ടതുണ്ടെന്നും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ രാജ്യത്തെ നടുക്കുകയും നിരപരാധികളെ കൂട്ടക്കൊലക്ക് വിധേയമാക്കുകയും ചെയ്ത ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്ന സമീപനമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാവുന്നത്. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരായി ഉണ്ടായ കോലാഹലങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്പൗരന്‍ അജ്മല്‍ കസബിനെയും, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെയും തൂക്കിലേറ്റിയപ്പോള്‍ ഉണ്ടായ അതേ കോണുകളില്‍നിന്നുതന്നെയാണ് യാക്കൂബ് മേമന്റെ നിരപരാധിത്വ നിലപാടുകള്‍ ഉയര്‍ന്നത്.
വിപല്‍ക്കരമായ ചോദ്യങ്ങളാണ് ഇവരുയര്‍ത്തുന്നത്. ഭീകരര്‍ക്കെതിരായ നീക്കത്തെ ഒരു സമുദായത്തിനെതിരായ നീക്കമായി തെറ്റിദ്ധരിപ്പിക്കുന്നു. തെരുവീഥികളില്‍ പിടഞ്ഞുമരിച്ച നിരപരാധികളുടെ ജീവന് വിലകല്പിക്കാതെ ഭീകരവാദികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുകയായിരുന്നു അവര്‍. മേമന്റെ നിരപരാധിത്വത്തെക്കുറിച്ച് തൂലിക ചലിപ്പിച്ചവര്‍ ഇത്തവണ താഹിറിനും ഫിറോസിനും വേണ്ടി രംഗത്തെത്തും. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വധശിക്ഷയുടെ അധാര്‍മ്മികതയെക്കുറിച്ച് അവര്‍ ‘പൊതുവികാരം’ സൃഷ്ടിക്കാന്‍ രംഗത്തെത്തും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ഇത്തരം ശക്തികള്‍ ഭാരതത്തിലെ സുതാര്യവും നിഷ്പക്ഷവുമായ നീതിനിര്‍വ്വഹണത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.
വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷം വമിപ്പിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള കരുതല്‍ കൂടിയായിരിക്കണം ഇനിയുള്ള കാലത്തെ സാമൂഹ്യ ജാഗ്രത. അത്യുഗ്രന്‍ സ്ഫോടനങ്ങളിലൂടെ തെരുവീഥികളില്‍ കബന്ധങ്ങള്‍ കുന്നുകൂടുന്ന ദിനങ്ങള്‍ക്ക് അറുതിയായത് രാഷ്ട്രത്തിന്റെ ദിശാമാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ നീതിപീഠങ്ങളില്‍ ഭീകരന്മാര് ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുമ്പോള്‍ അവര്‍ക്കുവേണ്ടി വക്കാലത്തുമായി വരുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രതയ്ക്ക് അവധി നല്കിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: