കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് ഹൈക്കോടതി മാറ്റി. എന്നാല്‍ അതുവരെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി.
അറസ്റ്റ് തടയണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിക്കാനോ അറസ്റ്റ് പാടില്ലെന്ന് അന്വേഷണ സംഘത്തോട് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പോലീസിന് ഉചിതമായ തീരുമാനം കൈകൊള്ളാമെന്നും കോടതി അറിയിച്ചു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്.
പോലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. നാദിര്‍ഷ നേരത്തെ നല്കിയ മൊഴികള്‍ പലതും കളവാണെന്ന് തെളിഞ്ഞതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിര്‍ഷ. ദിലീപിനൊപ്പം നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: