ന്യൂദല്‍ഹി: കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയിലൂടെ വെളിപ്പെടുത്തിയത് 4900 കോടിയുടെ കള്ളപ്പണമെന്ന് റിപ്പോര്‍ട്ട്. 21,000 പേരാണ് ഗരീബ് കല്യാണിലൂടെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഇവരില്‍ നിന്ന് 2451 കോടി രൂപ നികുതിയായി ഈടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്നവര്‍ക്ക് ആ പണം ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി നല്കിയാല് നിയമനടപടികളില്‍ നിന്ന് ഒഴിവാകാം.
മാര്‍ച്ച് 31 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാല് വര്‍ഷത്തേയ്ക്ക് ഗരീബ് കല്യാണ്‍ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവര്‍ക്കായുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ നികുതിയും പിഴയുമായി 85% തുക നഷ്ടമാകും. ഇങ്ങനെയുള്ളവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: