മഞ്ചേരി: രോഗികള്‍ തിങ്ങിനിറഞ്ഞ മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ശൗചാലയമില്ലാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമാകുന്നു. വനിതാരോഗികള് കിടക്കുന്ന ഒമ്പതാം വാര്‍ഡിനാണ് ഈ ദുരവസ്ഥ. ഒരു വര്‍ഷത്തോളമായി ഒരു ശൗചാലയം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഒരു മാസത്തിലേറെയായി ഇതും അടഞ്ഞ് കിടക്കുകയാണ്. സമീപത്തെ പുരുഷ വാര്‍ഡായ രണ്ടാം വാര്‍ഡിനെയാണ് സ്ത്രീകള്‍ ആശ്രയിക്കുന്നത്. കാര്യം സാധിക്കാന്‍ ഇവിടെ പുരുഷന്മാര്ക്കൊപ്പം മണിക്കൂറുകളോളം വരിനില്‍ക്കേണ്ട ഗതികേടിലാണ് അവശരായ രോഗികള്‍.
ഒരു വര്‍ഷം മുമ്പ് വനിതാവാര്‍ഡിലെ ശൗചാലയത്തില്‍ നിന്നുള്ള പൈപ്പ് പൊട്ടി മാലിന്യം കെട്ടിടത്തിന്റെ ചുമരിലൂടെ ഒലിച്ചിറങ്ങിയതോടെയാണ് കക്കൂസ് പൂര്‍ണ്ണമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്ന സെപ്റ്റിക് ടാങ്ക് ഇത്വരെ നന്നാക്കിയിട്ടില്ല. ഇരുവാര്‍ഡുകളിലെയും ഇരുന്നൂറിലധികം വരുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്നതിന് ഒരു വാഷ് ബേസിന് മാത്രമുള്ളത്. പലരും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തകര്‍ന്ന ശൗചാലയത്തില്‍ നിക്ഷേപിക്കുകയാണ്. ഇത് ദുര്‍ഗന്ധം വമിക്കുന്നതിനും അണുക്കള്‍ നിറഞ്ഞ് രോഗസംക്രമണത്തിനും കാരണമാകുന്നു. രോഗികളും നാട്ടുകാരും സ്റ്റാഫ് നഴ്സടക്കമുള്ള ജീവനക്കാരും പ്രശ്നം പലതവണ ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: