ബലരാമന് ഈയിടെയായി ദേഷ്യം കൂടിയിട്ടുണ്ട് ചിലരൊക്കെ പറയാതെ പറയുന്നുണ്ടായിരുന്നു. വാര്‍ധക്യത്തിലേക്ക് കടക്കുന്ന വേളയില്‍ ചിലര്ക്കൊക്കെയങ്ങനെയാണത്രെ. ഇപ്പോള്‍ പേരക്കുട്ടികളുടെ വിവാഹക്കാലമല്ലേ. അതിനാല്‍ പെട്ടെന്നുള്ള ദേഷ്യം സഹജമാണെന്നാണ് ചിലരുടെ അഭിപ്രായം.
പ്രായമേറി വരുമ്പോള്‍ പക്വതയാണ് വര്‍ധിക്കുന്നതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ബലരാമന് രുക്മിയെ വധിച്ച സമയത്ത് ശ്രീകൃഷ്ണന് മൗനിയായത് ഈ പക്വതയാലാണത്രെ. ഇതേ പക്വത ബലരാമന് ഇപ്പോള്‍ ഇല്ലെന്നാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ പക്വതയും ദേഷ്യവുമെല്ലാം സാന്ദര്‍ഭികമായി മാറി മാറി വരുന്നതാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് അതു പലവിധത്തില്‍ മാറാനിടയുണ്ട് എന്നാണ് ചില വിദ്വാന്മാരുടെ അഭിപ്രായം.
ഭാഗവതത്തിലെ മറ്റൊരു രംഗം കാണാം. ശ്രീകൃഷ്ണ പുത്രനായ സാംബന് ദുര്യോധന പുത്രിയായ ലക്ഷ്മണയെ കല്യാണ മണ്ഡപത്തില്‍ നിന്നും അപഹരിച്ചുകൊണ്ടുപോകാന് ശ്രമിച്ചു. ലക്ഷ്മണയുമായി സാംബന് തേരില്‍ കുറച്ചു മുന്നോട്ടുപോയപ്പോഴേക്കും ദുര്യോധനനും കര്‍ണ്ണനും മറ്റും വന്ന് സാംബനെ പിടിച്ച് തടവിലാക്കി. അനേകം കുരുവീരന്മാര്‍ ഒരുമിച്ച് ആക്രമിച്ചാണ് സാംബനെ വിജയിച്ചത്.
സാംബനെ ദുര്യോധനാദികള്‍ പിടികൂടിയ വിവരം ശ്രീനാരദമഹര്‍ഷി ദ്വാരകയില്‍ അറിയിച്ചു. ദുര്യോധനാദികള്ക്കുനേരെ പ്രത്യാക്രമണം നടത്തി സാംബനെ മോചിപ്പിക്കണമെന്ന് ഉഗ്രസേന മഹാരാജന് കല്പ്പിച്ചു.
എന്നാല്‍ ഈ ഘട്ടത്തില്‍ ആക്രമണത്തിന് മുന്‍പ് ഒരു സമാധാന ശ്രമം നടത്തണമെന്ന് ബലരാമന് നിര്‍ദ്ദേശിച്ചു. ഈ സമാധാന ശ്രമത്തിന് മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിക്കാന്‍ ബലരാമന് സ്വയം തയ്യാറായി. കുല വൃദ്ധന്മാരും ബ്രാഹ്മണ ശ്രേഷ്ഠന്മാരും ഒരുമിച്ച് ബലരാമന് യാത്രയാരംഭിച്ചു. ബുദ്ധിസത്തമനായ മന്ത്രി ഉദ്ധവരും കൂടെയുണ്ടായിരുന്നു.
ബലരാമന് ഒറ്റയ്ക്ക് ഹസ്തിനപുരത്തില്‍ രാജധാനിയില്‍ പ്രവേശിച്ചാല്‍ ചിലപ്പോള്‍ അധിക്ഷേപിച്ചേക്കും. ബലരാമന് യാചിക്കാന്‍ ചെന്നതാണെന്നും ചിലപ്പോള്‍ പറഞ്ഞേക്കും. അതിനാല്‍ ബലരാമന് നഗരത്തിനു പുറത്ത് ഒരു ഉദ്യാനത്തിലിരുന്നതേയുള്ളൂ.
”ഗത്വാ ഗജാഹ്വയം രാമോ ബാഹ്യോപവനമാസ്ഥിതഃ
ഉദ്ധവം പ്രേഷയാമാസ ധൃതരാഷ്ട്രം ബുഭുല്സയാ”
ബലരാമന് വന്നിട്ടുണ്ട് എന്നുള്ള വിവരം ധൃതരാഷ്ട്രരേയും മറ്റു കുരുകുലനാഥന്മാരേയും അറിയിക്കാന്‍ ഉദ്ധവനെ ഹസ്തിനപുരത്തിലേക്കയച്ചു. ബലരാമന് വന്ന് ഉപവനത്തില്‍ വിശ്രമിക്കുകയാണെന്ന് ഉദ്ധവന് വേണ്ടവിധം അവതരിപ്പിച്ചു.
ബലരാമന് വന്നിരിക്കുന്നുവെന്നറിഞ്ഞപ്പോള് കുരുവീരന്മാര്‍ പലരും ഭയപ്പെട്ടു. ബലരാമന്റെ പ്രഭാവം അറിയുന്നവരാണ് ഇവരില്‍ പലരും. കുരുശ്രേഷ്ഠന്മാര് ഉടന്‍ കൂടിയാലോചിച്ച് രക്ഷാമാര്‍ഗം ചിന്തിച്ചു. ബലരാമനെ അങ്ങോട്ടു ചെന്നുകണ്ട് പാദപൂജകള്‍ നടത്തി കാഴ്ചകള്‍ സമര്‍പ്പിച്ചു വന്ദിക്കാമെന്ന് ഒടുവില്‍ തീരുമാനമായി. വയസ്സിന്റെ ക്രമംപോലും വകവയ്ക്കാതെ പ്രമുഖര്‍ പലരും വന്ന് ബലരാമനെ നമസ്കരിച്ചു.
”തം സങ്ഗമ്യ യഥാന്യായം ഗാമര്ഘ്യംച ന്യവേദയന്‍
തേഷാം യേ തത് പ്രഭാവജ്ഞാഃ പ്രണേമുഃ ശിരസാബലം”
ഒരു യുദ്ധം ഒഴിവാക്കാനുള്ള താല്‍പ്പര്യത്തോടെ എന്നാല്‍ രാഷ്ട്രത്തിന്റെ മാഹാത്മ്യം പണയം വയ്ക്കാതെ തികഞ്ഞ പക്വതയോടെ ബലരാമന് ഗൗരവമായിത്തന്നെ കുരുശ്രേഷ്ഠന്മാരോടു പറഞ്ഞു.
”ഉഗ്രസേനഃ ക്ഷിതീശേരോ യദ്വ ആജ്ഞാപയത് പ്രഭുഃ
തദവ്യഗ്രധിയഃ ശ്രുത്വാ കുരുദ്ധ്വം മാ വിളംബിതം”
ഉഗ്രസേന മഹാരാജാവിന്റെ ആജ്ഞയാണ് ഞാന്‍ പറയാന്‍ ഭാവിക്കുന്നത്. അത് ശ്രദ്ധയോടെ ശ്രവിച്ചിട്ട് ഒട്ടും വൈകിക്കാതെ അതിനനുസരിച്ച് പ്രവര്‍ത്തിക്കുവിന്‍.
ധര്മികനായ ഒരാളെ, നിങ്ങള്‍ പലര് ചേര്‍ന്ന് അധര്‍മമായി ആക്രമിച്ച് കീഴ്പ്പെടുത്തിയിരിക്കുന്നു. ഒരേ സമയം പലര് ചേര്‍ന്ന് ഒരാളെ ആക്രമിച്ചത് തെറ്റ്. ബന്ധുക്കളുമായുള്ള ഐക്യം തുടരാന്‍ താല്പ്പര്യമുള്ളതുകൊണ്ട് ആ തെറ്റ് ഞങ്ങള്‍ ക്ഷമിക്കുന്നു. സാംബനെ മോചിപ്പിച്ചു കൊണ്ടുചെല്ലാന്‍ ഉഗ്രസേന മഹാരാജാവിന്റെ ആജ്ഞയുണ്ട്. ബലരാമന് ഒന്നുപറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: