ആലപ്പുഴ: ജില്ലയില്‍ ഓണാഘോഷത്തിന് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയത് സംഘടാകരെയും ആസ്വാദകരെയും വലച്ചു. ക്ലബ്ബുകളുടേയും വായനശാലകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ക്കാണ് പോലീസ് അപ്രതീക്ഷിതമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരിലായിരുന്നു പോലീസിന്റെ നിയന്ത്രണം. തിരുവോണം, അവിട്ടം ദിനങ്ങളില്‍ പലയിടത്തും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാലാം ഓണമായ ചതയ ദിനത്തിലും ഇന്നലെയും രാത്രി ഒമ്പതിന് മുമ്പ് പരിപാടികള്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി പോലീസ് രംഗത്തു വന്നത്.
ചതയദിനത്തില്‍ രാവിലെ സംഘാടകര്‍ക്കും ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രാദേശിക സ്റ്റേഷനുകളില്‍ നിന്ന് നല്കി. മാസങ്ങള്‍ക്കു മുമ്പേ വന്‍ തുക മുടക്കി കലാപരിപാടികള്‍ ബുക്ക് ചെയ്തിരുന്ന സംഘടനകളാണ് ഇതോടെ വെട്ടിലായത്.
ഏതാനും വര്‍ഷങ്ങളായി ഓണാഘോഷ പരിപാടികള്‍ക്ക് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുവാദം ആലപ്പുഴ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് ഔദ്യോഗികമായി നല്‍കിയിരുന്നില്ല. ട്രഷറിയില്‍ ചെലാന്‍ അടച്ച് സബ് ഇന്‍സ്പെക്ടര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ അനുമതി വാങ്ങി ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ ഔദ്യോഗികമായി അനുമതി നല്‍കിക്കൊണ്ടുള്ള രേഖ നല്‍കില്ല. പകരം വാക്കാല്‍ പരിപാടി നടത്താന്‍ നിര്‍ദ്ദേശിക്കും.
പരിപാടിയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഇല്ലായിരുന്നുവെന്ന കുറ്റം കൂടി സംഘാടകരുടെ മേല്‍ ചുമത്തുകയാണ് പോലീസ് ചെയ്യുന്നത്. മാസങ്ങളോളം നീണ്ട പരിശ്രമങ്ങളുമായി ഓണാഘോഷം സംഘടിപ്പിക്കുന്നവരെയാകെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നു.
പലയിടങ്ങളിലും പോലീസ് നേരത്തെയെത്തി പരിപാടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. മതസമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമൊന്നും നടത്തുന്ന പരിപാടികള്‍ക്ക് ഏര്‍പ്പെടുത്താത്ത അസാധാരണ നടപടികളാണ് കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷത്തിന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സംഘങ്ങള്‍ക്കും പോലീസ് ഇടപെടല്‍ കടുത്ത തിരിച്ചടിയായി. സാമൂഹിക വിരുദ്ധരെ പിടികൂടി നടപടി സ്വീകരിക്കാന്‍ തയാറാകാതെ ആഘോഷ പരിപാടികള്ക്കാതെ നിരോധനം കൊണ്ടുവന്നത് പോലീസിന്റെ പിടിപ്പു കേടാണെന്ന വിമര്‍ശനവും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: