മാനന്തവാടി: ജില്ലയിലെ മികച്ച പി ടി എയ്ക്കുള്ള പുരസ്കാരത്തിന് ഉദയഗിരി ജി എല്‍ പി സ്കൂള്‍ ആര്ഹമായി. 1998 ല്‍ 17 വിദ്യാര്‍ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 2015 വരെ ഫോകസ് പട്ടികയിലായിരുന്നു. അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും സ്കൂള്‍ പി ടി എ യുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 65 കുട്ടികളുമായി ഫോകസ് പട്ടിക മറികടന്നു. നിലവില്‍ ഇപ്പോള്‍ ഈ സ്കൂളില്‍ 134 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ക്ലാസ് ചുമരുകൾ തേച്ച് മനോഹരമാക്കൽ, ഹാൾ ഫൈബർ സ്ക്രീനിട്ട് തിരിച്ച് ക്ലാസ് മുറിയാക്കൽ, മാത്യഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹായ് ഇംഗ്ലീഷ് പദ്ധതി, കൃഷിഭവന്റെ സഹായത്തോടെ നിർമിച്ച റെയിൻ ഷെൽട്ടർ പച്ചക്കറി കൃഷി പ്രതിമാസ ക്വിസ് പ്രസംഗ പരിശീലനം, അതോടൊപ്പം വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അഭിനയിച്ച ഹ്രസ്വചിത്രം കല്ലുപെൻസിൽ എന്നിവ ഈ വിദ്യാലയത്തെ മികവിലേക്കുയർത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നാടിനെയറിഞ്ഞും നാട്ടിലലിഞ്ഞുമുള്ള ദിനാചരണങ്ങളും സ്കൂൾ വാർഷികാഘോഷങ്ങളും പൊതു സമൂഹത്തെയും ഈ വിദ്യാലയത്തിലേക്കടുപ്പിക്കുന്നു. സാമൂഹ്യ സേവനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിന് നല്ല പാഠം, സീഡ് പുരസ്ക്കാരങ്ങളും മികച്ച കൃഷി സൗഹൃദ വിദ്യാലയ പുരസ്ക്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനാധ്യാപിക സവിതമ്മ മാത്യു പി ടി എ പ്രസിഡണ്ട് ബിജു നരിപ്പാറ വൈസ് പ്രസിഡണ്ട് ചന്ദ്രബാബു, മദർ പി ടി എ പ്രസിഡന്റ് ശോഭ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എയ്ക്ക് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെയും എസ് എസ് എ യുടെയും വിദ്യാഭാസ്യവകുപ്പിന്റെയും പിന്തുണയും പ്രചോദനവുമുണ്ട്.പി ടി എ യുടെ ശക്തമായ ഇടപെടലുകളിലൂടെ മുഖച്ഛായ മാറിയ ഈ വിദ്യാലയം മറ്റ് വിദ്യാലയങ്ങൾക്ക് ഇന്ന് മാതൃകയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: