തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. ഉച്ച മുതല്‍ അനുഭവപ്പെട്ട തിരക്ക് രാത്രിവരെ നീണ്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴ മാറി നിന്നത് കാണികള്‍ക്ക് ആശ്വസമായി. കനകക്കുന്ന് നിശാഗന്ധി ഗസല്‍ സന്ധ്യയില്‍ അലിഞ്ഞു. പ്രശസ്ത ഹിന്ദുസ്ഥാനി ഗസല്‍ സംഗീതജ്ഞ അബ്രദ ബാനര്‍ജിയുടെ ഗസല്‍ ആവേശമായി. ജീവിത അനുഭവങ്ങള്‍ ഗസലായും ധ്രുതിയായും അവതരിപ്പിച്ചപ്പോള്‍ കാണികള്‍ ഗസലിനോടൊപ്പം ലയിച്ചു.
1991 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പരിപാടി അവതരിപ്പിച്ച് വരുന്ന അബ്രദ ബാനര്‍ജിക്ക് കേരളം എന്നും ഇഷ്ടപ്പെട്ട വേദിയാണ്.
യുവ സംഗീത പ്രതിഭകളായ രേഷ്മാ രാഘവന്‍, ശ്രീകാന്ത് ഹരിഹരന്‍, നാരായണി ഗോപന്‍, അനൂപ് മോഹന്‍ ദാസ് എന്നിവരും ഇവരോടൊപ്പം ഗസല്‍ അവതരിപ്പിച്ചു. സ്വന്തമായി ചിട്ടപ്പെടുത്തിയതും, തന്റെ ഗുരു പണ്ഡിത് മദന്‍ ചോഹാഞ്ചി രചിച്ചതുമായ ഗസലാണ് അബ്രദ അവതരിപ്പിച്ചത്. ഗസലിന് പക്കമേളമായെത്തിയത് കര്‍ണാടിക്കും, നോര്‍ത്ത് ഇന്ത്യന്‍സംഗീതവും ഒരുപോലെ വഴങ്ങുന്നവരായിരുന്നു.
ടൂറിസം വാരാഘോഷം കാണുന്നതിന് മറ്റ് ജില്ലകളില്‍ നിന്നും തലസ്ഥാനത്ത് നിരവധി പേര്‍ എത്തിയിരുന്നു. മ്യൂസിയത്തില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടു. കോവളത്തും ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടു. കനത്ത തിരമാലയായതിനാല്‍ കടല്‍തീരത്തേക്ക് ഇറങ്ങാന്‍ സാധിച്ചില്ല. പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
















