കൊല്‍ക്കത്ത: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു നേരെയുള്ള ബംഗാള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും പക അവസാനിക്കുന്നില്ല. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ചടങ്ങിന് ഓഡിറ്റോറിയം നിഷേധിച്ച ബംഗാള്‍ ഭരണകൂടം, ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് സ്റ്റേഡിയം നല്‍കാനും തയ്യാറായില്ല.
ഈ മാസം 11 മുതല്‍ 13 വരെ ബംഗാളിലെത്തുന്ന അമിത് ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനമാണ് ബിജെപി ബംഗാള്‍ ഘടകം പദ്ധതിയിട്ടത്. 10, 13 ദിവസങ്ങളിലൊന്നില്‍ കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, സ്റ്റേഡിയം നല്കാന് അധികൃതര്‍ തയാറായില്ല. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് സ്റ്റേഡിയം ഈ മാസം മുഴുവന്‍ ബുക്ക് ചെയ്തുവെന്ന മറുപടിയാണ് ലഭിച്ചത്.
നേരത്തെ, കഴിഞ്ഞ മാസം 28ന് അപേക്ഷ നല്‍കിയെങ്കിലും, കൊല്‍ക്കത്ത പോലീസില്‍ നിന്ന് എതിര്‍പ്പില്ലാ രേഖ ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സ്റ്റേഡിയം അനുവദിക്കാനാകില്ലെന്ന് 30ന് വിവരം നല്‍കിയെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു. നിശ്ചയിച്ച മറ്റു പരിപാടികളുമായി മുന്നോട്ടുപോകും. പൊതുസമ്മേളനം ഒഴിവാക്കും.
ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന യോഗത്തിന് കൊല്‍ക്കത്തയില്‍ അനുയോജ്യമായ മറ്റൊരു വേദി കണ്ടെത്തുക പ്രയാസമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: