കൊല്ലം: മനുഷ്യനെപ്പോലെ മിണ്ടാപ്രാണികള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് വാദിക്കുന്ന ബാപ്പൂട്ടി ഇക്കുറിയും പൂച്ചകള്‍ക്കും നായകള്‍ക്കും ഒരേ ഇലകളില്‍ ഒരുമിച്ച് സദ്യ വിളമ്പി തിരുവോണം ആഘോഷിച്ചു.
സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്ത ബാപ്പൂട്ടിക്കും ജന്തുക്കള്‍ക്കും അഭയം നല്‍കിയിരിക്കുന്ന കിളികൊല്ലൂരിലെ ജോര്‍ജ് ഉമ്മന്റെ വീട്ടിലാണ് ഇക്കുറിയും സദ്യ വിളമ്പിയത്. ഒന്‍പത് തരം കറികളും രണ്ടുതരം പായസവും ഉള്‍പ്പെട്ടതായിരുന്നു സദ്യവട്ടം.
10 നായ്ക്കളും 30 പൂച്ചകളും 20 വര്‍ഷക്കാലമായി ബാപ്പൂട്ടിയുടെ തലയ്ക്കുംപാട്ട് കാവലിരിക്കുന്ന ബിജിലി എന്ന പരുന്ത് ഉള്‍പ്പെടെ നാലു പരുന്തുകളും സദ്യയില്‍ പങ്കെടുത്തു.
വീട്ടുമുറ്റത്തെ സദ്യയ്ക്കുശേഷം ബാപ്പൂട്ടി പതിവായി ഭക്ഷണം കൊടുക്കുന്ന തെരുവ് നായ്ക്കള്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സദ്യവിളമ്പി.
ഡ്രൈവറായ ബാപ്പൂട്ടി മിണ്ടാപ്രാണികള്‍ക്കായി ജീവിതം തുടങ്ങിയിട്ട് വര്‍ഷം 30 കഴിഞ്ഞു. വാഹനം ഓടിച്ചു കിട്ടുന്ന തുച്ഛവരുമാനമത്രെയും മിണ്ടാപ്രാണികള്‍ക്കായി ചെലവഴിക്കുന്നു.
2009ല്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്കിയപ്പോള് എല്ലാ സഹായവും അന്നത്തെ മൃഗസംരക്ഷണ ഡയറക്ടര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇതേവരെ യാതൊരുവിധ സഹായവും ഉണ്ടായിട്ടില്ലെന്നും ജന്തുക്കളുടെ മരുന്നുകളുടെ വില താങ്ങാവുന്നതിനും അപ്പുറമാണെന്നും ബാപ്പൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: