ദുബായ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ മുന്നേറ്റം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസായ ജസ്പ്രീത് ബുംറ കരിയറിലെ ഏറ്റവും മികച്ച റാങ്കായ നാലാം സ്ഥാനത്തെത്തി. 27 സ്ഥാനങ്ങള്‍ മുന്നേറിയാണ് ബുംറയുടെ നേട്ടം.
ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ രണ്ടാമതും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാമതുമാണ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 24-ാം റാങ്കിലെത്തിയതായിരുന്നു ഇതിനുമുമ്പ് ബുംമയുടെ മികച്ച റാങ്കിംഗ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തിലെ അഞ്ചു വിക്കറ്റ് പ്രകടനമടക്കം 15 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. അക്ഷര്‍ പട്ടേല്‍ പത്ത് സ്ഥാനങ്ങള്‍ മുന്നേറി 10-ാം സ്ഥാനത്തും ഇടംപിടിച്ചു. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറി അടക്കം 330 റണ്‍സ് നേടിയ കോഹ്ലി രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണറുമായുള്ള റാങ്കിങിലെ പോയിന്റ് വ്യത്യാസം 26 ആക്കി ഉയര്‍ത്തി.
നിലവില്‍ 887 റാങ്കിംഗ് പോയന്റുള്ള കോലി റാങ്കിംഗില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റുകളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തി. 1998ലാണ് സച്ചിന് ഈ നേട്ടം കൈവരിച്ചത്. ശ്രീലങ്കയ്ക്കെതിരായ പരമ്പയില്‍ 14 പോയിന്റുകള്‍ നേടിയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. പുതിയ റാങ്കിംഗ് പ്രകാരം ബാറ്റ്സ്മാന്മാരില് ഡേവിഡ് വാര്‍ണറും എബി ഡിവില്ലേഴ്സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോഹ്ലിയെ കൂടാതെ ആദ്യ പത്തില്‍ രോഹിത് ശര്‍മ്മയും ധോണിയും ഇടംനേടി. ലങ്കക്കെതിരെ 302 റണ്‍സ് നേടിയ രോഹിത് അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി ഒമ്പതാം സ്ഥാനത്തും ധോണി രണ്ട് സ്ഥാനങ്ങള്‍ കയറി പത്താമതുമാണ്.
ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ 15-ാമതാണ്. ഏകദിന ടീം റാങ്കിംഗില്‍ 119 റണ്‍സുമായി ദക്ഷിണാഫ്രിക്ക തന്നെയാണ് ഒന്നാമത്. ഓസ്ട്രേലിയയും ഇന്ത്യയുമാണ് രണ്ടും മുന്നും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: