ന്യൂദല്‍ഹി: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയോട് നിര്‍ദ്ദേശിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന റോഹിങ്ക്യകളുടെ കണക്കെടുക്കാന്‍ കേന്ദ്രം നേരത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തിരിച്ചയക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപിച്ച് രണ്ട് റോഹിങ്ക്യകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജി സെപ്തംബര്‍ 11ന് വീണ്ടും പരിഗണിക്കും. അതുവരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു.
മ്യാന്മറില് റോഹിങ്ക്യന്‍ ഭീകരരും ബുദ്ധമതക്കാരും തമ്മിലുള്ള കലാപത്തെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ജമ്മു കശ്മീര്‍, കേരളം, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ദല്‍ഹി, രാജസ്ഥാന് എന്നിവിടങ്ങളിലാണ് റോഹിങ്ക്യകള്‍ അനധികൃതമായി താമസിക്കുന്നത്. മ്യാന്മറിലേക്ക് തിരിച്ചുപോയാല്‍ ജീവന് നഷ്ടപ്പെടുമെന്ന് ഇവര്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭയില്‍ രജിസ്റ്റര്‍ ചെയ്ത 16000 അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ നാല്‍പ്പതിനായിരത്തിലേറെ റോഹിങ്ക്യകള്‍ രാജ്യത്ത് അനധികൃതമായി കഴിയുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനകള്‍ ഇവരെ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: