മലപ്പുറം: പകര്‍ച്ചവ്യാധികള്‍ അടക്കമുളള രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായിട്ടും സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഒരു ഡെപ്യൂട്ടി ഡിഎംഒ, ജില്ലാ മലേറിയ ഓഫീസര്‍, എം.സി.എച്ച് ഓഫീസര്‍, രണ്ട് ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈ തസ്തികകളിലെല്ലാം ഇന്‍ ചാര്‍ജ്ജ് ഭരണമാണ് നടക്കുന്നത്. കൊതുക് നശീകരണത്തിന് നേതൃത്വം നല്‍കേണ്ട ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ജീവനക്കാരുടെ കുറവ് അടുത്തിടെയാണ് നികത്തിയത്. താത്ക്കാലികാടിസ്ഥാനത്തിലാണ് ഇവിടെ ജീവനക്കാരെ നിയമിച്ചിരുക്കുന്നത്. സുപ്രധാന തസ്തികകളിലെ ഒഴിവ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
ജനസംഖ്യാനുപാധികമായി ഡോക്ടര്‍, നേഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കുറവ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കെയാണ് സുപ്രധാന തസ്തികകളിലും ഉദ്യോഗസ്ഥരില്ലാത്തത്. 1981ലെ ജനസംഖ്യാനുപാധികമായ തസ്തികകളാണ് ജില്ലയിലുളളത്. ഇതു കാലോചിതമായി പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാരുകള്‍ ചെവിക്കൊണ്ടിട്ടില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്, ഏകോപനം, പകര്ച്ചവ്യാധികള്ക്കെതിരെയുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്കരണം തുടങ്ങിയവയെ ജീവനക്കാരുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചത് ജില്ലയിലാണ്. മറ്റ് പല ജില്ലകളിലും പനി നിയന്ത്രണവിധേയമാക്കാനായെങ്കിലും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിനംപ്രതി ശരാശരി രണ്ടായിരം പേര് പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് ആശ്വാസം.
മലമ്പനി, കോളറ, എലിപ്പനി, ഡിഫ്ത്തീരിയ എന്നീ അസുഖങ്ങളും ജില്ലയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്ക് മലമ്പനി ബാധിച്ചിട്ടുണ്ട്. 58 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടു. കുറ്റിപ്പുറം നഗരത്തിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. തുടച്ചുനീക്കിയ ഡിഫ്തീരിയ വീണ്ടും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 64 പേര് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോള്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഒഴിഞ്ഞു കിടക്കുന്ന തസ്തികളില്‍ നിയമനം നടത്താത്ത പക്ഷം പകര്‍ച്ചവ്യാധികളുടെ പ്രതിരോധപ്രവര്ത്തനമടക്കം താളംതെറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: