നദീസംയോജനത്തിനായി 5.50 ലക്ഷം കോടിയുടെ പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. വെള്ളപ്പൊക്കവും വരള്‍ച്ചയും തടയുന്നതിനായി രാജ്യത്തെ വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കേന്ദ്ര പദ്ധതി. ആദ്യഘട്ടത്തില്‍ 60 നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിന് അനുമതി നല്‍കിക്കഴിഞ്ഞു. മഴയെ മാത്രം ആശ്രയിച്ച് കൃഷിചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് വലിയ നേട്ടം.
ആയിരക്കണക്കിന് വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പദ്ധതി ഒരുക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കര്‍ണാവതി നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ച് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ വഴി ബേട്ട്വാ നദിയേയും കര്‍ണാവതി നദിയേയും ബന്ധിപ്പിക്കും. പരിസ്ഥിതി, വനസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ അനുമതി പദ്ധതിക്കായി തേടിയിട്ടുണ്ട്. രണ്ടു നദികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്. തര്‍ക്കങ്ങള്‍ ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിനായിരിക്കും ശ്രമം. നര്‍മദ, ഗംഗ, പിന്‍ജാല്‍ തുടങ്ങിയ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരിക്കും ആദ്യം നടപ്പാക്കുക.
നദികള്‍ വലിയൊരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നദികള്‍ തീര്‍ത്തും വറ്റിവരണ്ടുപോകാന്‍ ഏറെ കാലതാമസമില്ല.അവയ്ക്ക് പുതുജീവന്‍ പകര്ന്നുനല്കാന് എന്തെല്ലാം ചെയ്യാനാവുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നമ്മള് നമ്മളായിരിക്കുന്നതിനുള്ള കാരണം നദികളാണ്. ഭാരതം വളര്‍ന്ന് വികസിച്ചിട്ടുള്ളത് പ്രധാനമായും മോഹന്ജദാരോ, ഹാരപ്പ തുടങ്ങിയ നമ്മുടെ നദീതടങ്ങളിലാണ്. നദികള്‍ ഗതിമാറി ഒഴുകിയപ്പോഴാണ് ആ നാഗരികതകള്‍ക്ക് നാശം സംഭവിച്ചത്. ഇന്ന് നമ്മുടെ നദികളിലെ ഒഴുക്ക് അതിവേഗം നിലച്ചുകൊണ്ടിരിക്കുന്നു. ഒരിരുപതുകൊല്ലം കഴിയുമ്പോഴേക്കും അവിടെ മഴക്കാലങ്ങളില്‍ മാത്രമേ നദികളെ കാണാനാവൂ എന്ന സ്ഥിതിയാവും. കഴിഞ്ഞ പത്തുപന്ത്രണ്ടുവര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ മാത്രം നിരവധി നദികള്‍ വരണ്ടില്ലാതായി.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളായ കൃഷ്ണയും ഗോദാവരിയും കാവേരിയും സമുദ്രവും വരെ ഒഴുകിയെത്തുന്നത് വര്‍ഷകാലങ്ങളില്‍ മാത്രമാണ്; അതും രണ്ടോ മൂന്നോ മാസം മാത്രം. മഴയില്ലാതിരുന്നാല്‍ ഭൂമി വരണ്ട് മരുഭൂമിയാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂമിയുടെ ആര്‍ദ്രത മുഴുവന്‍ നഷ്ടപ്പെട്ട് കൃഷിക്ക് അയോഗ്യമായിത്തീരും. അങ്ങനെയൊരു ഭാവിയാണ് ഇപ്പോള്‍ ദക്ഷിണേന്ത്യ അഭിമുഖീകരിക്കുന്നത്. ഭൂപ്രകൃതിയില്‍ അഹങ്കരിക്കുന്ന കേരളവും ശുദ്ധജലത്തിനായി കേഴേണ്ടിവരും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവില്‍ കവിഞ്ഞ രാഷ്ട്രീയ, സാമൂഹിക ബോധം പുലര്‍ത്തുന്നവരെങ്കിലും മലയാളികള്‍ പ്രകൃതി സംരക്ഷണ ശ്രമങ്ങളില്‍ കാര്യമായി ഇടപെടാത്തതാണ് കാരണം.
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഉയര്‍ന്നതാണ് ഇന്ത്യയിലെ നദികളെ തമ്മില്‍ ബന്ധിപ്പിച്ച് ജലസേചനം കുടിവെള്ള ലഭ്യത രാജ്യത്തെമ്പാടും ഉറപ്പുവരുത്താനും വെള്ളപ്പൊക്കം നിയന്ത്രിക്കാനുമുള്ള പദ്ധതി. അന്തര്‍സംസ്ഥാന നജീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. 1982ല്‍ നദീജല സംയോജനവും അതിന്റെ സാദ്ധ്യതകളും സംബന്ധിച്ച പഠനത്തിന് ദേശീയ ജലവികസന ഏജന്‍സി രൂപീകരിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് ഇതിനൊരു രൂപരേഖ തയ്യാറാക്കി. ബ്രഹ്മപുത്ര, ഗംഗ, നര്‍മ്മദ, താപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, പെന്ന, കാവേരി തുടങ്ങിയ നദികളെ യോജിപ്പിച്ച് രാജ്യത്തിന്റെ എല്ലാ കോണിലും എല്ലാ കാലത്തും ജലലഭ്യത ഉറപ്പാക്കാനുള്ള സോദ്ദേശ്യ പദ്ധതിയാണ് വിഭാവനം ചെയ്തത്. പ്രധാനമായി ഹിമാലയന്‍ മേഖല, ഉപദ്വീപ് മേഖല എന്ന് തരംതിരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതത് മേഖലകളിലെ നദികളുടെ സംയോജനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പതിനാല് പദ്ധതികളാണ് ഹിമാലയന്‍ മേഖലയില്‍ ലക്ഷ്യമിടുന്നതെങ്കില്‍, 16 എണ്ണമാണ് ഉപദ്വീപ് മേഖലയില്‍ ലക്ഷ്യംവയ്ക്കുന്നത്. ഇതില്‍ കേരളത്തിലേതു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയാണ്. പടിഞ്ഞാറോട്ടൊഴുകുന്ന നദികളെ ദിശമാറ്റി കിഴക്കോട്ടൊഴുന്ന നദികളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉപദ്വീപ് പദ്ധതികളുടെ പ്രധാന ഉദ്ദേശ്യം. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിക്ക് കൂടുതല്‍ ജലം, കൂടുതല്‍ കുടിവെള്ളം, ജലവൈദ്യുത പദ്ധതികള്‍, തൊഴില്ലിലായ്മ പരിഹാരം, നദീ സഞ്ചാരം, ദേശീയോദ്ഗ്രഥനം എന്നിവയാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍.
പാരിസ്ഥിതിക പ്രശ്നങ്ങള്‍, ഒഴിപ്പിക്കപ്പെടുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന ജനവിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, നദീ ജലാവകാശം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കേണ്ടതായും വരും. പരിസ്ഥിതിയുടെ പേരുപറഞ്ഞും, വെള്ളം പങ്കുവയ്ക്കുന്നതിലെ മടിമൂലവും, മോദി സര്‍ക്കാറിന്റെ പദ്ധതി എന്നതുകൊണ്ടും നദീ സംയോജനത്തെ എതിര്‍ക്കാന്‍ കേരളത്തില്‍ ഏറെപ്പേരുണ്ടാകും. പക്ഷേ ഇക്കാര്യത്തില്‍ ഭാവിയെ കരുതിയുള്ള തീരൂമാനങ്ങളാകണം ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: