നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.
അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത.
ഓണമെന്നാല്‍ സമൃദ്ധിയുടെ അടയാളമായ സദ്യയാണ് പ്രധാനം. തൂശനിലയില്‍ വിളമ്പിയ കുത്തരി ചോറ്. ഇല നിറയെ കറികള്‍. മധുരസ്മരണയില്‍ ഇലയില്‍ പഴവും പപ്പടവും കുഴച്ച് പായസം. ഇതും ഓണത്തിന്റെ മാത്രം വേറിട്ട അനുഭവം.കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. ഇത്തരം ഒത്തുചേരലുകള്‍ക്കായി മലയാളി ഏത് പ്രതിസന്ധിയേയും മറികടക്കും.
ഇന്ന് ഓണത്തെകുറിച്ചുള്ള കാഴ്ചപാടുകള്‍ തന്നെ മാറിയിരിക്കുന്നു. അയല്‍ സംസ്ഥാനത്തുനിന്നും ഭക്ഷണ സാമഗ്രികള്‍ വരുന്നതുകാരണവും,പട്ടിണിയും നമ്മള്‍ക്കറിയില്ല. ഇല്ലാത്തവന്റെ വിശപ്പ് മനസ്സിലാക്കുവാനുള്ള മനസും നമ്മള്ക്കിന്നില്ല. അങ്ങനെ പ്രത്യേകിച്ച് ഒന്നും അറിയില്ലെങ്കിലും നമ്മളും ഓണം ആഘോഷിക്കുന്നു. ഓണം അതിന്റെ എല്ലാ പ്രൗഢിയോടുംകൂടി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദരമായ ഒരു മാവേലിനാട് നമ്മള്‍ക്ക് സ്വപ്നം കാണാം. എന്നെങ്കിലും ആ മാവേലിനാടുപോലെ ‘കേരളം’ ആയിത്തീരുമെന്ന് പ്രതീക്ഷിക്കാം…എല്ലാ മലയാളികള്‍ക്കും ജന്മഭൂമി ഓണ്‍ലൈന്‍ ന്യൂസിന്റെ ഓണാശംസകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: