ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ കേരളത്തിനും നേട്ടമായി. ഔദ്യോഗിക ജീവിതത്തില്‍ സത്യസന്ധതയും ആത്മാര്‍ഥതയും അഴിമതിവിരുദ്ധ നിലപാടുകളും മുറുകെ പിടിച്ച അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. വിനോദസഞ്ചാരവകുപ്പിന്റെ സ്വതന്ത്രച്ചുമതലയും ഐടി വകുപ്പിന്റെ അധികച്ചുമതലയുമാണ് കണ്ണന്താനത്തിന് ലഭിച്ചിട്ടുള്ളത്.
പുകയില്ലാത്ത വ്യവസായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടൂറിസത്തിന് കേരളത്തില്‍ അനന്തസാധ്യതയാണുള്ളത്. ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഷഷ്ടിപൂര്‍ത്തി പിന്നിട്ട കേരളത്തിന് സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ടൂറിസത്തില്‍ വന്നീക്കിയിരുപ്പാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റിലുള്ളത്. മികച്ച ഭരണാധികാരിയെന്ന് പേരെടുത്ത കണ്ണന്താനം അതിന്റെ നല്ലൊരുഭാഗം കേരളത്തിന് ലഭ്യമാക്കാന്‍ പരിശ്രമിക്കും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഐടി വകുപ്പ്. കേരളത്തില്‍ അതിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിരിക്കുകയാണ്. അത് ആത്മാര്‍ഥതയോടെയാണെങ്കില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കണ്ണന്താനവുമായും കേന്ദ്രസര്‍ക്കാരുമായും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ വന്‍നേട്ടം സൃഷ്ടിക്കുവാന്‍ സാധിക്കും.
ഉത്രാടത്തിനാണ് കേന്ദ്രമന്ത്രിയായി കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനം തന്നെയാണ്. ഇത്തവണത്തെ മന്ത്രിസഭാ പുനഃസംഘടന വലിയ ചര്‍ച്ചയാക്കാനും വിവാദമുണ്ടാക്കാനുമുള്ള അവസരമായി ചില മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ശ്രമിച്ചിരിക്കുന്നു. ഒരുവര്‍ഷത്തിനിടയില്‍ തന്നെ പലതവണ പുനഃസംഘടനയും വകുപ്പുമാറ്റങ്ങളും നടന്നുപോന്ന കേന്ദ്രമന്ത്രിസഭകള് നമ്മുടെ മുന്നിലുണ്ട്. മൂന്നുവര്‍ഷത്തിനുശേഷമാണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടായത്. ഇതാകട്ടെ വ്യക്തമായ കാഴ്ചപ്പാടോടെയും കഴിവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുമാണ്. രാജിവച്ച മന്ത്രിമാര്‍ക്ക് സംഘടനാചുമതല ഏല്‍പ്പിക്കാനുമാണ് ലക്ഷ്യം. നാലുസഹമന്ത്രിമാര്ക്ക് കാബിനറ്റ് പദവി നല്‍കാനും പുനഃസംഘടനവഴി സാധിച്ചു. വാണിജ്യമന്ത്രി എന്ന നിലയില്‍ നിര്‍മലാ സീതാരാമന് മികച്ച പ്രവര്‍ത്തനം നടത്തിയെന്നത് സര്‍വരും സമ്മതിച്ചതാണ്.
വിഷയങ്ങള്‍ നന്നായി പഠിച്ച് പക്വതയോടെ കാര്യനിര്‍വഹണം നടത്തുന്ന നിര്‍മലാ സീതാരാമന് പ്രതിരോധവകുപ്പ് ലഭിച്ചു. വിദേശകാര്യവകുപ്പിന്റെ തലപ്പത്ത് സുഷമാ സ്വരാജിനോടൊപ്പം പ്രതിരോധവകുപ്പിനും ഒരു വനിത എത്തി. ഇന്ദിരാഗാന്ധിക്കുശേഷം പ്രതിരോധവകുപ്പും വളയിട്ട കൈ നയിക്കുകയാണ്. സുപ്രധാനമായ രണ്ടുവകുപ്പുകളില്‍ വനിതകളെത്തുന്നതും നടാടെയാണ്.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖം മിനുക്കല്‍ മാത്രമാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും, ഘടകകക്ഷികളെ തഴഞ്ഞു എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതൊക്കെ അര്‍ഥശൂന്യമാണെന്നാണ് ഇപ്പോള്‍ വ്യക്തമായത്. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും മന്ത്രിമാരില്ല.
ബിജെപിയുടെ മന്ത്രിമാര്‍ മാത്രമാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. അര്‍ഹതയും യോഗ്യതയും നോക്കി മന്ത്രിമാരെ നിശ്ചയിച്ചുവെന്നും കാണാം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് പദവികള്‍ വഹിച്ചിരുന്നവരെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാവികസനം ഭരണത്തെ കുറേക്കൂടി മികച്ചതും കാര്യക്ഷമത നിറഞ്ഞതുമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിമാരെ നിശ്ചയിക്കുന്നതും വകുപ്പുകള്‍ വീതിച്ചുനല്‍കുന്നതും തികച്ചും പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ബന്ധപ്പെട്ടവരുടെയെല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചിട്ടുമുണ്ട്.
എന്നിട്ടും പ്രധാനമന്ത്രിക്കുനേരെ വിരല്‍ചൂണ്ടുന്നവരുടെ ലക്ഷ്യം രാജ്യത്തെ ദുര്‍ബലപ്പെടുത്തലാണ്. അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. മലയാളിയായ പുതിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനുള്ള കഴിവും കരുത്തും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: