കല്‍പ്പറ്റ: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുനര്‍ജനി പദ്ധതിയുമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍. സുസ്ഥിര വികസനം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായാണ് പുനര്‍ജനി പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സംസ്ഥാനവ്യാപകമായി ഈ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 53 ആതുരാലയങ്ങളില്‍ മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയും ഉള്‍പ്പെടും.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലം സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാകുന്ന അവസ്ഥ വൊളണ്ടിയര്‍മാരുടെ സന്നദ്ധസേവനത്തിലൂടെ അകറ്റുന്നതിനു രൂപകല്‍പ്പന ചെയ്തതാണ് പദ്ധതി. ആശുപത്രികളില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന വിലപ്പിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന് ടേബിളുകള്‍, നെബുലൈസറുകള്‍, ബി.പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രീപ്പ് സ്റ്റാന്‍ഡുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍, വൈദ്യുത ജലവിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയില്‍ നടത്തുന്നത്.
തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് പണിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഓണം അവധിക്കാലത്ത് ഏഴ് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ പത്ത് കോടിയിലേറെ രൂപയുടെ ആസ്തികള്‍ പുനഃസൃഷ്ടിക്കാനാണ് സെല്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: