ഗുരുവായൂര്‍: ഭക്തിയുടെ നിറവില്‍ വാതാലയേശന്റെ തിരുമുറ്റത്ത് ഭക്തജനങ്ങള്‍ കാഴ്ച്ചക്കുലകള്‍ സമര്‍പ്പിച്ച് ആത്മനിര്‍വൃതി നേടി. രാവിലെ ഏഴിന് കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച് നിറഞ്ഞു കത്തുന്ന നിലവിളക്കും, വിഘ്നേശ്വരന് നാളി കേരവും വെച്ചു. കഴകം ആനന്ദന് കുത്തുവിളക്ക് പിടിച്ചു.
മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന് നമ്പൂതിരി ആദ്യകാഴ്ച്ചകുല സമര്‍പ്പിച്ചു. നിമിഷ നേരംകൊണ്ട് സ്വര്ണ്ണക്കൊടിമരചുവട് കാഴ്ച്ചകുലകളുടെ സ്വര്‍ണ്ണവര്‍ണ്ണഗോപുരമായി മാറി. ദേവസ്വം ചെയര്മാന് എന്‍. പീതാംബരകുറുപ്പ്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും നൂറുകണക്കിന് ഭക്തജനങ്ങളും കാഴ്ച്ചകുല സമര്‍പ്പിച്ചു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പണം തുടര്‍ന്നു.
ആയിരത്തിലേറെ പഴക്കുലകള്‍ കാഴ്ചക്കുലകളായി എത്തി.
ദേവസ്വംഭൂമി പാട്ടത്തിനെടുത്തവരായിരുന്നു, പഴയ കാലത്ത് കാഴ്ച്ചക്കുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ”പാട്ടക്കുലകള്‍” എന്ന പേരിലായിരുന്നു, അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലക്കുള്ള കാഴ്ച്ചകുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചകുല സമര്‍പ്പണമായി മാറുകയായിരുന്നു.
ഞായറാഴ്ച്ചയായതിനാല്‍ ഭഗവത് ദര്‍ശനത്തിനും ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവോണദിനമായ ഇന്ന് ക്ഷേത്രത്തില്‍ മൂന്നാനകളോടെയുള്ള കാഴ്ച്ചശീവേലി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: