പയ്യന്നൂര്‍: പിലാത്തറയിലെ ചെറുതാഴം പിഎച്ച്സി മാതൃകാ കുടുംബക്ഷേമ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുള്ള പദ്ധതിയായി. നവകേരള മിഷനില്‍ ആര്‍ദ്ര മിഷന്റെ ഭാഗമായാണ് കോടിയിലേറെ ചിലവഴിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ‘ചെറുതാഴം മോഡല്‍’ പൂര്‍ത്തിയാക്കിയത്.
എംഎല്‍എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതം, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരില്‍ നിന്നുള്ള സഹായം എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. കല്യാശ്ശേരി മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമായ ഇവിടെ രോഗീസൗഹൃദവും മികച്ച ആരോഗ്യപരിപാലന സൗകര്യവും ലഭ്യമാക്കുകയാണ് ലക്ഷ്യം. രോഗികള്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഡോക്ടര്‍മാരുടെയും അനുബന്ധ സേവനങ്ങളും ലഭ്യമാക്കും. സുസജ്ജമായ ലബോറട്ടറി, ദന്തല്‍ യൂനിറ്റ്, കണ്ണ് പരിശോധന കേന്ദ്രം, വിഷാദ രോഗനിര്‍ണ്ണയ ക്ലിനിക്ക് യോഗ പരിശീലനം, സ്ത്രീ സൗഹൃദ വിശ്രമമുറി, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, വാഹന പാര്‍ക്കിംഗ് ഏരിയാ തുടങ്ങിയവയെല്ലാം സജ്ജമായി. ചെറുതാഴം പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി മാനേജ്മെന്റ് കമ്മിററിയും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തീകരണത്തിന് നേതൃത്വം വഹിച്ചത്.
ചെറുതാഴം മാതൃകാ കുടുംബക്ഷേമ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിച്ചു. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ലാബ് കെട്ടിടം പി.കരുണാകരന് എംപിയും ദന്തല്‍ യൂനിറ്റ് പി.കെ.ശ്രീമതി എംപിയും ഉദ്ഘാടനം ചെയ്തു. യോഗാ സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും സ്ത്രീ സൗഹൃദ വിശ്രമമുറി പി.പി.ദിവ്യയും ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: