എ. എം. ജോജിമോന്
അമ്പലപ്പുഴ: സര്‍ക്കാര്‍ വക ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കണ്ണീരോടെ പെരുവഴിയില്‍. നാലു വര്‍ഷമായി റെയില്‍വേ പുറമ്പോക്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്ന 125 കുടുംബങ്ങള്‍ക്കാണ് ഓണാഘോഷം സ്വപ്നം മാത്രമായത്.
ഇവരുടെ പുനരധിവാസത്തിന് പത്ത് ലക്ഷം രൂപ നല്‍കും എന്ന വാഗ്ദാനം നല്‍കിയാണ് ഏറ്റവും അവസാനം സര്‍ക്കാര്‍ കബളിപ്പിച്ചത്. ഇതില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജി.സുധാകരനും പങ്കുണ്ടെന്ന് ഇവര്‍ പരിതപിക്കുന്നു. സമീപ വീടുകളിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളിലും, സ്ഥാപനങ്ങളിലും ഓണാഘോഷവും ഓണസദ്യയും നടക്കുമ്പോള്‍ ഇതു കണ്ടു നെടുവീര്‍പ്പിടാന്‍ മാത്രമാണ് ഇവരുടെ വിധി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്ത്, പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ അഞ്ച് ക്യാമ്പുകളിലും, നീര്‍ക്കുന്നം റെയില്‍വേ പുറമ്പോക്കിലുമാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്.
വൃദ്ധര്‍ മുതല്‍ വിവാഹ പ്രായമായ പെണ്‍കുട്ടികള്‍ വരെ ഒരു മുറിയില്‍ കഴിയുന്ന കാഴ്ചയാണ് നീര്‍ക്കുന്നം ശിശുവിഹാറിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. അടുത്തിടെ ഏതാനും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് വസ്ത്രം മാറുവാന്‍ സൗകര്യം ഒരുക്കി നല്‍കിയത് അല്പമെങ്കിലും ആശ്വാസം പകരുന്നതായി.
കൂടാതെ റെയില്‍വേ പുറമ്പോക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചെറ്റക്കുടിലുകളില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ താമസിക്കുന്നവരുടെ ജീവിതം ദയനീയമാണ്. പുറക്കാട് പഴയ പഞ്ചായത്ത് ഓഫിസില്‍ കഴിയുന്നവരില്‍ പലരും രോഗബാധിതരായി കഴിഞ്ഞു. സ്കൂളുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ പഠന സമയം മുറിക്കുള്ളില്‍ നിന്നും ക്ലാസ് കഴിയുന്നതുവരെ പുറത്തിറക്കാന്‍ സാധിക്കാതെയാണ് ദുരിതം അനുഭവിക്കുന്നത്.
ഓണക്കാലത്തെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുതുവസ്ത്രം അണിഞ്ഞ് സദ്യയും ഉണ്ട് കഴിഞ്ഞിരുന്ന കാലം തങ്ങള്‍ക്കും ഉണ്ടായിരുന്നു എന്ന് വേദനയോടെയാണ് പലരും ഓര്‍ക്കുന്നത്. ക്യാമ്പ് തുടങ്ങിയ സമയം തങ്ങള്‍ക്ക് കിട്ടിയിരുന്ന സൗജന്യ റേഷന്‍ പോലും സര്‍ക്കാര്‍ നിര്‍ത്തലാക്കിയെ ന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: