2016 നവംബര്‍ എട്ടിന് രാജ്യത്ത് നിലവിലുണ്ടായിരുന്ന ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് അന്നുമുതല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ കള്ളപ്പണക്കാരുടെഏജന്റുമാരായ രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ വലിയൊരുവിഭാഗം മാധ്യമങ്ങളും കൊണ്ടുപിടിച്ചു ശ്രമിച്ചുവരികയാണ്. അതിന് ആദ്യമായി അവര്‍ പറഞ്ഞത് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നടപ്പിലാക്കിയ ഈ നടപടിയിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും ജനങ്ങളാകെ ദുരിതത്തിലാണെന്നുമായിരുന്നു. ബാങ്കുകളിലെ നീണ്ട ക്യൂ ചൂണ്ടിക്കാണിച്ചുള്ള വര്‍ണ്ണനകള്‍ കുറെയധികം നാം കേള്‍ക്കുകയുണ്ടായി.
നോട്ടുനിരോധനം മൂലം ജനങ്ങള്‍ക്ക് കുറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നുള്ളത് സത്യമാണ്. എന്നാല്‍ അന്‍പത് ദിവസം ഈ ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്നും അതിനുള്ളില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വിശ്വസിച്ച് യാതൊരു പ്രതിഷേധവും പ്രകടിപ്പിക്കാതെ ആ തീരുമാനത്തിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കുകയും അതിനോട് സഹകരിക്കുകയുമാണ് ഭാരതത്തിലെ ജനങ്ങള്‍ ചെയ്തത്. അന്‍പത് ദിവസം പൂര്‍ത്തിയാകുന്നത് നോക്കിയിരുന്ന് വീണ്ടും എടിഎം കാലിയായി, നോട്ടില്ല തുടങ്ങിയ വാദങ്ങളുമായി ഈ കപടനാട്യക്കാര്‍ വീണ്ടും രംഗത്തുവന്നു. ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാന്‍ നമ്മുടെ ധനകാര്യവകുപ്പ് മന്ത്രി തന്നെ മുന്നിലുണ്ടായിരുന്നു.
നോട്ട് നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും നോട്ടുനിരോധനംകൊണ്ട് ഒരു ഗുണവും ഉണ്ടാകുവാന്‍ പോകുന്നില്ലായെന്നും നാടുനീളെ ഇവര്‍ പ്രസംഗിച്ചു നടന്നു. മാസങ്ങള്‍ പിന്നിട്ടതോടെ, ഈ പ്രചാരണങ്ങളുടെ മുനയൊടിക്കുകയും ജനങ്ങളുടെ ക്രയവിക്രയങ്ങള്‍ സാധാരണ നിലയിലാവുകയും ചെയ്തതോടെ ഇത്തരം വികടവാദക്കാര് മാളങ്ങളിലൊളിക്കുകയാണ് ചെയ്തത്.നോട്ട് നിരോധനത്തിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കള്ളപ്പണക്കാര്ക്കുണ്ടായ ദുരിതത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് തിരുവനന്തപുരത്ത്റിസര്വ്വ് ബാങ്കിന് മുന്നില്‍ ഉപവാസമിരുന്നത്. സഹകരണ ബാങ്കുകളില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്ന ആദായ നികുതിവകുപ്പിന്റെ ആവശ്യമാണ് ഇക്കൂട്ടരെ ഏറെ ബുദ്ധിമുട്ടിച്ചത്.
സാമ്പത്തികരംഗം ശുദ്ധീകരിക്കുന്നതിനുള്ള ഇത്തരമൊരു നടപടിയെ പിന്തുണയ്ക്കുന്നതിന് പകരം അതിനെ തുരങ്കംവെയ്ക്കുന്ന തരത്തലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നത്.ഇപ്പോള്‍, റിസര്‍വ്വ് ബാങ്കുതന്നെ ഇതുവരെയുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള ആയിരം രൂപയുടെ 685.8 കോടി നോട്ടുകളും അഞ്ഞൂറ് രൂപയുടെ 1716.5 കോടി നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. അസാധുവാക്കിയ 15.44 ലക്ഷംകോടി രൂപ മൂല്യമുള്ള 1000, 500 രൂപ നോട്ടുകളില്‍ 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇതുവരെയായി തിരികെ എത്തിയെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതായത് റിസര്‍വ്വ് ബാങ്ക് നിയമാനുസൃതം അച്ചടിച്ച് ബാങ്കുകളിലൂടെ വിതരണം ചെയ്ത യഥാര്‍ത്ഥ നോട്ടിന്റെ 99 ശതമാനവും തിരിച്ചെത്തിയെന്ന് സാരം.നോട്ടുനിരോധനത്തിനെതിരെയുള്ള ആദ്യഘട്ടം കുപ്രചാരണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാശരായ മാഫിയകള്‍ വീണ്ടും രണ്ടാംഘട്ടം പ്രചാരണവുമായി രംഗത്തുവന്നുതുടങ്ങി.
അവരുടെ അടുത്ത ചോദ്യം നോട്ടുനിരോധനത്തിലൂടെ എത്ര കള്ളപ്പണം പിടിച്ചെടുത്തുവെന്നാണ്.ഇപ്പോഴും നമ്മുട ചില മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഈ കണക്കുകള്‍ മനസ്സിലാകുന്നില്ല. അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത് കള്ളപ്പണം എവിടെയെന്നാണ്. ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്ന നോട്ടുകള്‍ മുഴുവന്‍ കള്ളനോട്ടുകളല്ല, റിസര്‍വ്വ് ബാങ്ക് അച്ചടിച്ചിറക്കിയ യഥാര്‍ത്ഥ നോട്ടുകളാണെന്നുള്ള വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം ഒരു പ്രചാരണം നടത്തുന്നത്. യഥാര്‍ത്ഥ നോട്ടുകള്‍ തിരിച്ചുവരുന്നതും കള്ളപ്പണവും തമ്മില്‍ ഒരു സാമ്യവുമില്ലെന്നുള്ളത് അറിയാതെ അല്ല ഈ ചോദ്യം ഉന്നയിക്കുന്നത്.നോട്ട് നിരോധനത്തിന് മുന്‍പ് നമ്മുടെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത് കള്ളപ്പണ ലോബിയായിരുന്നു. പാക്കിസ്ഥാനില്‍നിന്ന് അച്ചടിച്ച് ഇവിടെയെത്തിച്ച കണ്ടെയ്നര്‍ കണക്കിന്, ഒറിജിനല്‍ നോട്ടിനെ വെല്ലുന്ന കള്ളനോട്ടുകളാണ് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നത്.
ഇത്തരമൊരു സമാന്തര സമ്പദ്വ്യവസ്ഥ സൃഷ്ടിച്ച് രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടപ്പിലാക്കിയിരുന്ന വലിയൊരു ശൃംഖലതന്നെ പ്രവര്‍ത്തിച്ചിരുന്നു എന്നുള്ളതാണ് സത്യം.നമ്മുടെ ഈ കൊച്ചുകേരളത്തില്‍ പോലും വിദേശത്ത് അച്ചടിച്ച കള്ളപ്പണത്തിന്റെ വന്‍ തോതിലുള്ളവിനിമയം നിലവിലുണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്. പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അച്ചടിച്ച് നമ്മുടെ രാജ്യത്ത് വിതരണം നടത്തിയിരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളപ്പണത്തിന്റെ വിനിമയം അവസാനിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും നിശ്ചയിച്ചതും അതുതന്നെയാണ്. നമ്മുടെ നാട്ടില്സമാന്തര സമ്പദ്വ്യവസ്ഥയായി നിലനിന്നിരുന്ന ഈ കള്ളനോട്ടുകളും അതിന്റെ ഫലമായുണ്ടായിരുന്ന പണപ്പെരുപ്പവും ഇല്ലാതാക്കുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ ഗുണമെന്നിരിക്കെ അതിനെയൊക്കെ തമസ്ക്കരിച്ച് വീണ്ടും കള്ളപ്പണത്തിന്റെ കണക്ക് ചോദിക്കുന്നവരുടെ ഉദ്ദേശ്യവും ലക്ഷ്യവും മറ്റൊന്നാണ്.
നോട്ട് നിരോധനത്തിലൂടെ ഉണ്ടായ മറ്റൊരു കാര്യം ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ള പണം മുഴുവന്‍ നിയമവിധേയമായി എന്നുള്ളതാണ്. കൈയിലുള്ള മുഴുവന്‍ പണവും ബാങ്കുകളില്‍ നിക്ഷേപിച്ചതോടുകൂടി അതിന്റെ കണക്ക് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതിന്റെ ആദ്യഘട്ടമായാണ് പുതിയതായി രണ്ടേകാല്‍ കോടി ആള്ക്കാര്കൂടി ആദായനികുതി അടയ്ക്കാന്‍ തയ്യാറായിട്ടുള്ളത്. നിയമവിരുദ്ധമായ ഇടപാടുകള്‍ ഒഴിവാക്കുവാനും സമ്പദ്രംഗം കൂടുതല്‍ സുതാര്യമാക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.നോട്ട് നിരോധന കാലത്ത് ഗംഗാ നദിയില്‍ ലക്ഷക്കണക്കിന് രൂപയുടെ പഴയ നോട്ടുകള്‍ കീറിയെറിഞ്ഞ നിലയില്‍ കാണപ്പെട്ടതായും അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരത്തില് ലക്ഷക്കണക്കിന് രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ കാണിയ്ക്കയായി സമര്‍പ്പിച്ചതിന്റെയും വാര്‍ത്തകള്‍ പത്ര മാധ്യമങ്ങളിലൊക്കെ വന്നിരുന്ന കാര്യം ഓര്‍ക്കുമല്ലോ.
എന്തായാലും അതൊന്നും കണക്കില്‍പ്പെട്ട പണമാകുവാന്‍ വഴിയില്ല. ആയിരുന്നുവെങ്കില്‍ അതൊക്കെ യഥാസമയം ബാങ്കില്‍ നിക്ഷേപിക്കുമായിരുന്നു. കള്ളപ്പണം എവിടെയെന്ന് ചോദിക്കുമ്പോള്‍ ബാങ്കില്‍ നിക്ഷേപിക്കുവാന്‍ കഴിയാത്ത ഇത്തരം പണമാണ് കള്ളപ്പണമെന്ന് തിരിച്ചറിയുവാനുള്ള സാമാന്യ യുക്തിയെങ്കിലും ഇത്തരം മാധ്യമങ്ങളും രാഷ്ട്രീയക്കാരും പ്രകടിപ്പിക്കണം. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള തന്ത്രത്തില്‍ നിന്ന് ഇനിയെങ്കിലും ഇത്തരക്കാര്‍ പിന്മാറുമെന്ന് പ്രതീക്ഷിക്കാം.ചുരുക്കത്തില്‍ നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടം എന്തെന്നും കള്ളപ്പണം എവിടെയെന്നും ചോദിക്കുന്നവരോട് പറയുവാനുള്ളത് റിസര്‍വ്വ് ബാങ്ക് അച്ചടിച്ച് വിതരണം ചെയ്ത യഥാര്‍ത്ഥ നോട്ടുകള്‍ നിയമവിധേയമാകുകയും അതോടൊപ്പം രാജ്യത്ത് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന കള്ളനോട്ടുകള്‍ തിരികെ ബാങ്കിലെത്തിക്കുവാന് കഴിയാത്തതിനാല്അസാധുവാകുകയും ചെയ്തു എന്നുള്ളതാണ്. ഈ കള്ള നോട്ടുകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയില് നിന്നും ഇല്ലാതാക്കുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.
(കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: