മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വാമനജയന്തിയാണെന്ന പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നതാണല്ലോ?. എന്നാല്‍ ചരിത്രം രേഖപ്പെടുത്തുന്നത് ഓണവുമായി വാമനമൂര്‍ത്തിക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നതാണ്. മൂവായിരം വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കമുള്ള എറണാകുളം തൃക്കാക്കര വാമനക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ നടത്തിവന്നിരുന്ന ക്ഷേത്ര ഉത്സവമാണ് ഇന്ന് കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം. ഇതിന് അടിസ്ഥാനമായ ഒട്ടേറെ തെളിവുകളും ഇന്ന് ലഭ്യമാണ്.
വാമനക്ഷേത്രമായതുകൊണ്ട് വാമനജയന്തി ദിവസം തന്നെ ഉത്സവം കൊണ്ടാടുകയായിരുന്നു. പണ്ട് ഒരു ദിവസം മാത്രമായിരുന്ന ഉത്സവത്തെ ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്ത് അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ ഉത്സവമായി ആഘോഷിക്കാന്‍ തുടങ്ങിയെന്നാണ് രേഖകള്‍.
എ.ഡി. 820 – 844 വരെ കേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ചേരമാന്‍ പെരുമാള്‍ നായനാര്‍. കേരളത്തില്‍ ശൈവമതം പ്രചരിപ്പിച്ചിരുന്ന 63 നായനാര്‍മാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. അന്ന് രാജ്യതലസ്ഥാനം കൊല്ലമായിരുന്നു. രാജഭരണം ഏറ്റെടുത്തശേഷം അദ്ദേഹം സുപ്രധാനമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ”ഇനിമുതല്‍ ചിങ്ങം ഒന്ന് മുതലായിരിക്കും പുതുവര്‍ഷം കണക്കാക്കുക.” എന്നായിരുന്നു ആ വിളംബരം. അതുവരെ മേടം ഒന്നിനാണ് പുതുവര്‍ഷം ആയി കണക്കാക്കിയിരുന്നത്. ചേരമാന്‍ പെരുമാള്‍ ഇത് മാറ്റിയെഴുതി. കൊല്ലത്തുവെച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ ചിങ്ങം ഒന്നിന് തുടങ്ങുന്ന വര്‍ഷം കൊല്ലവര്‍ഷം എന്നറിയപ്പെടാന്‍ തുടങ്ങി. പുതുവര്‍ഷം മാറിയെങ്കിലും പ്രജകള്‍ എല്ലാവര്‍ഷവും മേടം ഒന്നിന് വിഷു ആഘോഷിച്ചുവരുന്നു.
പിന്നീട് അദ്ദേഹം തന്റെ രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരമാക്കി മാറ്റി എന്നാണ് രേഖകള്‍. അതായത് ഇന്നത്തെ കൊടുങ്ങല്ലൂര്‍. പെരുമാളിന്റെ കുലദൈവമായിരുന്നു തൃക്കാക്കരയപ്പന്. പലഭരണ പരിഷ്കാരങ്ങളും നടപ്പാക്കിയ അദ്ദേഹം ഒരു ദിവസം മാത്രമായിരുന്ന ക്ഷേത്ര ഉത്സവത്തെ പത്തുദിവസമാക്കി ഉത്തരവിട്ടു. പത്താംദിവസമായ തിരുവോണനാളില്‍ അതായത് വാമനജയന്തി ദിവസം തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് പ്രജകള്‍ എത്തിയിരുന്നു.
ഭക്തജനത്തിരക്ക് വളരെ അധികമായതിനാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഭഗവദ് ദര്‍ശനത്തിന് സാധിച്ചിരുന്നുള്ളു. ദൂരദേശത്ത് നിന്ന് വന്നവര്‍ പോലും നിരാശരായി മടങ്ങേണ്ടിവന്നു. ഇതില്‍ രാജാവും അസ്വസ്ഥനായിരുന്നു. പരിഹാരമായി അദ്ദേഹം ഒരു ഉത്തരവുകൂടി നല്കി.
”ഇനിമുതല്‍ തിരുവോണ നാളില്‍ ദൂരെനിന്നുള്ളവര്‍ ക്ഷേത്രത്തില്‍ വരണമെന്നില്ല. അവര്‍ക്ക് തൃക്കാക്കരയപ്പനെ അവരുടെ വീട്ടുമുറ്റത്തുതന്നെ ദര്‍ശിക്കാവുന്നതാണ്. മണ്ണുകൊണ്ട് പീഠം നിര്‍മ്മിച്ച്, മണ്ണുകൊണ്ടുതന്നെ തൃക്കാക്കരയപ്പന്റെ രൂപമുണ്ടാക്കി പീഠത്തില്‍ പ്രതിഷ്ഠ നടത്തി പൂജകള്‍ ചെയ്ത് ക്ഷേത്രത്തിലേത് എന്നപോലെ ആഘോഷങ്ങള്‍ നടത്താവുന്നതാണ്.
തൃക്കാക്കരയപ്പന്റെ പിറന്നാള്‍ ദിവസമായതുകൊണ്ട് ക്ഷേത്രത്തില്‍ സദ്യ ഒരുക്കുന്നതുപോലെ വീട്ടിലും സദ്യ ഒരുക്കി, കുരുത്തോല പന്തലിട്ട്, പച്ചത്തോരണങ്ങള്‍ ചാര്‍ത്തി വീട് അലങ്കരിക്കാം”
അന്നുമുതലാണ് വീടുകളില്‍ തിരുവോണം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് കണക്കാക്കാം. അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ ചാണകം മെഴുകിയ മുറ്റത്ത് പൂക്കളം തീര്‍ത്ത് തിരുവോണ ദിവസം തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ ഇരുത്തി അരിച്ചാന്ത് അണിഞ്ഞ്, സദ്യവട്ടങ്ങള്‍ ഒരുക്കി, പുതുവസ്ത്രങ്ങള്‍ ധരിച്ച്, പ്രജകള്‍ ഓണമാഘോഷിച്ചു തുടങ്ങി.
ഇന്നും മധ്യകേരളത്തില്‍ തൃക്കാക്കരയപ്പനെ മുറ്റത്തിരുത്തിയാണ് ഓണം ആഘോഷിക്കുന്നത്. കാല്‍നൂറ്റാണ്ട് മുമ്പുവരെ വീട്ടുമുറ്റത്ത് പന്തലുകളും തോരണങ്ങളും ഉണ്ടായിരുന്നു.
തിരുവോണനാളില്‍ പിറന്നതുകൊണ്ടാണ് വാമനമൂര്‍ത്തിയെ ”ഓണത്തപ്പന്” എന്നും വിളിക്കുന്നത്. തൃക്കാക്കരയപ്പന് തന്നെയാണ് ഓണത്തപ്പന് അതായത് സാക്ഷാല്‍ വാമനമൂര്‍ത്തി. ഒരിക്കലും മഹാബലിയല്ല.
മഹാബലിയെ ഓണവുമായി ബന്ധപ്പെടുത്തി സൃഷ്ടിച്ച കഥ കെട്ടുകഥ മാത്രമാണ്. കുടവയറുമായി ഓലക്കുടയും ചൂടി വരുന്നത് വാമനനാണ്. ആ വാമനന് തലയില്‍ ഒരു കിരീടം വെച്ചുകൊടുത്ത് ചിലര്‍ മഹാബലിയാക്കാന്‍ ശ്രമിച്ചതാണ് ചരിത്രത്തിലെ പിഴവ്.
മഹാബലി കേരളം ഭരിച്ചു എന്നുപറയുന്നതും അടിസ്ഥാനരഹിതമായ വാദമാണ്. എഡി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ ശ്രീമഹാഭാഗവതം കിളിപ്പാട്ടില്‍ അഷ്ടമസ്കന്ദം വാമനാവതാരം കഥാഭാഗത്ത് ഇങ്ങനെ പറയുന്നു.
”വിരിഞ്ച മുഖ്യാദികള്‍ വാഴ്ത്തും നേരം
ചിങ്ങമാസത്തില്‍ ശുക്ലപക്ഷ ദ്വാദശി തിഥൗ
വന്നൊരുമിച്ച വിഷ്ണ്വാര്‍ക്ഷാദി ജില്‍ക്കാലേദിനേ
ശോന്നതേ ദിനമദ്ധ്യേ പുരുഷോദയേ ശുഭേ”
”ബ്രഹ്മാവും മറ്റുദേവന്മാരും ഭഗവാനെ സ്തുതിക്കുന്ന സമയത്ത്, ചിങ്ങമാസത്തില്‍ ശുക്ലപക്ഷ ദ്വാദശിയും തിരുവോണ നക്ഷത്രവും ഒരുമിച്ച ശുഭമുഹൂര്‍ത്തത്തില്‍ മഹാവിഷ്ണു വാമനനായി അവതരിച്ചു.”
എഴുത്തച്ഛന്റെ ഈ വരികള്‍ ഒന്നുമാത്രം മതി തിരുവോണം വമാനജയന്തി ആണ് എന്നതിന് തെളിവായി. 1960 മുതലാണ് ഓണത്തെ സംബന്ധിച്ച കെട്ടുകഥകള്‍ കൂടുതലായി പ്രചിക്കപ്പെടാന്‍ തുടങ്ങിയത്. 1961 ല്‍ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ദൈവസങ്കല്പത്തിനും ക്ഷേത്രആചാരങ്ങള്‍ക്കും എതിരായ ചില സങ്കല്പങ്ങള് ഓണത്തെക്കുറിച്ച് പറഞ്ഞുപ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചു.
ഓണം കാര്‍ഷിക വിളവെടുപ്പിന്റെ ഉത്സവമാണ്, മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ്, തുടങ്ങിയ കെട്ടുകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. തിരുവോണം വാമനജയന്തിയാണെന്നോ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ക്ഷേത്ര ഉത്സവമായിരുന്നുവെന്നോ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരായിരുന്നു ഇതിന്റെ പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: