വാഷിങ്ടൺ: പാക്കിസ്ഥാനുമായി സഹകരിച്ച് ഭീകരരെ വേട്ട നടത്താനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ ഡിഫൻസ് സെക്രട്ടറി ജിം മാറ്റിസാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാൻ മേഖലകളിൽ ഭീകരർക്കെതിരെ പാക്കിസ്ഥാന്റെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ ഭീകരർക്ക് സംരക്ഷണവും താവളവും ഒരുക്കുന്നുണ്ടെങ്കിൽ അത് ഉടനടി അവസാനിപ്പിക്കണം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പട്ടാളക്കാരെ കൊലപ്പെടുത്താൻ ഭീകരർക്ക് പാക്കിസ്ഥാൻ സഹായം നൽകുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്, ഇത്തരത്തിൽ പാക്കിസ്ഥാൻ നടപടി തുടരുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കും- മാറ്റിസ് വ്യക്തമാക്കി.
കിഴക്കനേഷ്യയിലെ തങ്ങളുടെ പുതിയ പദ്ധതികളുടെ ഭാഗമായിട്ടാണ് പാക്കിസ്ഥാനുമായി ഇത്തരത്തിലൊരു സഹകരണത്തിന് മുതിരുന്നത്. ഹഖാനി ഭീകര ഗ്രൂപ്പുകളും താലിബാനടക്കമുള്ള ഭീകരവാദികളും പാക്കിസ്ഥാനിൽ താവളമുറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവേട്ട നടത്തുന്നതിനായി അമേരിക്കൻ കോൺഗ്രസ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് 225 മില്ല്യൻ ഡോളറിന്റെ ധന സഹായം ഉറപ്പ് നൽകിയിരുന്നു.
















