കളമശ്ശേരി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി പത്തു മാസം കഴിഞ്ഞിട്ടും ഡയറക്ടര്‍ നിയമനം നീളുന്നു. അപേക്ഷകരില്ലാത്തതാണ് നിയമനം നീളുന്നതിന് കാരണമെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുമ്പോള്‍ മതിയായ രീതിയില്‍ അപേക്ഷ ക്ഷണിക്കുന്നില്ലെന്നാണ് ആരോപണം.
സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഉത്തരവാദിത്വമുള്ള ആളില്ലാത്തതിനാല്‍ സമീപത്തെ ഗവ. മെഡിക്കല്‍ കോളേജുമായി സ്ഥലസൗകര്യത്തിന്റെ കാര്യത്തിലും വര്‍ക്ക് അറേജ്മെന്റിന്റെ കാര്യത്തിലും പല തവണ തര്‍ക്കമുണ്ടായി. സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഡയറക്ടര്‍ നിയമനം ഉടന്‍ വേണമെന്നാണ് രണ്ട് സ്ഥാപനങ്ങളിലെയും ജീവനക്കാരും ഡോക്ടര്‍മാരും ആവശ്യപ്പെടുന്നത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കാന്‍സര്‍ കേന്ദ്രത്തിന് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തീയേറ്ററും ജീവനക്കാരെയും ആവശ്യാനുസരണം നല്‍കിയിട്ടും വ്യക്തിവിരോധം മനപ്പൂര്‍വ്വം വളര്‍ത്തുന്നതായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് ആരോപിച്ചു.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് കെട്ടിടം വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. ഫണ്ടില്ലാത്തതിനാല്‍ കാന്‍സര്‍ രോഗികള്‍ക്ക് ഒ.പി സൗകര്യം മാത്രമാണ് ആദ്യമാസങ്ങളില്‍ ലഭിച്ചിരുന്നത്. പിന്നീട് ചെറിയ തോതിലുള്ള ശസ്ത്രക്രിയകളും ആരംഭിച്ചു. ഇതു വരെ ആയിരത്തോളം രോഗികള്‍ ചികിത്സയും തേടി. തുടര്‍ ചികിത്സ എറണാകുളം ജനറല്‍ ആശുപത്രിയുമായി സഹകരിച്ചാണ് ചെയ്യുന്നത്.
അതേ സമയം ഹൃദ്രോഗ വിഭാഗം ഉള്‍പ്പെടെ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഇല്ലാത്തത് രണ്ട് സ്ഥാപനങ്ങളെയും കുഴക്കുന്നുണ്ട്. നിലവിലെ സ്ഥലസൗകര്യങ്ങളുടെ ഇരട്ടി ലഭിച്ചാല്‍ മാത്രമേ രോഗികള്‍ക്കും ഗുണമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: