ആലുവ: ഒരു ലിറ്റര്‍ വിദേശമദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്കിയ സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയില്‍ സര്‍വീസ് ലിമിറ്റഡ് അധികൃതര്‍ കുടുങ്ങി. സംഭവത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ അസി. ജനറല്‍ മാനേജറായ ജേക്കബ് ടി. തോമസിനെ ആലുവ എക്സൈസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. പരസ്യം അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മിനിമം 100 ഡോളര്‍ വിലവരുന്ന ഉല്‍പ്പനം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്നായിരുന്നു വാഗ്ദാനം. ഓണത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു മിനിറ്റും 15 സെക്കന്റും ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ മുഴുവനായും മദ്യത്തിന്റെയും സാരിയുടെയും ദൃശ്യങ്ങളാണ്. തിരുവോണ ദിനം വരെയാണ് സൗജന്യം പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട കമ്മീഷണര്‍ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സ്ഥാപന മേധാവി ജേക്കബ് ടി. തോമസിനെ ആലുവ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോനാണ് അറസ്റ്റ് ചെയ്തത്. 25,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് പതിവാണെന്നും ഈ സാഹചര്യത്തിലാണ് പരസ്യം തയ്യാറാക്കിയതെന്നും സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയില്‍ സര്‍വീസ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. എക്സൈസ് പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് പരസ്യം നീക്കം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: