വൈപ്പിന്‍: നാടെങ്ങും ഓണാഘോഷം പൊടി പൊടിക്കുമ്പോള്‍ പൂക്കള്‍ക്ക് പൊള്ളുന്ന വില. ഒരു കിലോ ജമന്തിപ്പൂവിന് 150 മുതല്‍ 180 രൂപവരെയാണ് വില. വാടമല്ലിപ്പൂവിന് 200 രൂപയും അരളിക്ക് 350 രൂപയുമാണ് കടക്കാര് ഈടാക്കുന്നത്. റോസാപ്പൂവിന് 300 രൂപയും ബന്ദിപ്പൂവിന് 140 രൂപയാണ് വില. ജമന്തിപ്പൂവിനാണ് കൂടുതല്‍ ആവശ്യക്കാര്‍. 30 രൂപയുടെയും 50 രൂപയുടെയും കിറ്റിലും പൂക്കള്‍ കിട്ടും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ പൂക്കള മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പൂക്കള്‍ക്ക് ആവശ്യക്കാരേറി. എന്നാല്‍, ആവശ്യത്തിന് പൂക്കള്‍ എത്താത്തതാണ് വിലവര്‍ധനവിന് കാരണം. മഴമൂലം പൂക്കളുടെ വരവ് കുറഞ്ഞു. കൂടാതെ, വരുന്ന പൂവില്‍ നനവ് ഉള്ളത് കാരണം വേഗം ചീഞ്ഞു പോകുന്നുണ്ട്. ഉത്രാടം ആകുന്നതോടെ പൂക്കളുടെ വില ഇനിയും ഉയരാനാണ് സാധ്യത.
പൂവിന് വില ഉയര്‍ന്നതോടെ ചിലര്‍ പൊടിക്കളവും ഒരുക്കുന്നുണ്ട്. വാകമരത്തിന്റെ ഇല ഉണക്കി പൊടിച്ചെടുത്താണ് പച്ചനിറമുണ്ടാക്കുന്നത്. കൂടാതെ, വിപണികളില്‍ നിന്ന് പല നിറത്തിലുള്ള പൊടികളും ലഭിക്കും. എന്നാല്‍, ഓണത്തിന്റെ ആചാരമനുസരിച്ച് പൂക്കളം തന്നെ ഒരുക്കണമെന്ന വാശിയില്‍ പലരും വില നോക്കാതെ പൂവുകള്‍ വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: