കല്‍പ്പറ്റ : ഓണവും പെരുന്നാളും അടുത്തെത്തിയതോടെ മഴ ഉത്സവങ്ങളുടെ പൊലിമ കുറയ്ക്കുമോ എന്നാണ് വയനാട്ടുകാരുടെ ആശങ്ക. ഓണത്തിന് നാല് ദിവസം മാത്രമേയുള്ളൂ. സാധാരണ ജില്ലയുടെ പല കേന്ദ്രങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നെത്തുന്ന തെരുവോര കച്ചവടക്കാരുടെ തിരക്ക് ഇക്കൊല്ലമില്ല. കനത്ത മഴ തുടങ്ങിയതോടെ കച്ചവടത്തിന് തടസ്സം നേരിട്ടു. മാനന്തവാടി നഗരസഭയില്‍ പ്രധാന നിരത്തുകളിലെല്ലാം തെരുവോര കച്ചവടക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതും ഓണം വിപണിയെ കാര്യമായി ബാധിച്ചു.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് മാനന്തവാടിയിലെ തെരുവോര കച്ചവട നിയന്ത്രണം. എന്നാല്‍ ഏക സ്വകാര്യ വാഹന പാര്ക്കിംഗ്തെരുവോര കച്ചവടക്കാര്‍ക്ക് നല്‍കിയത് വന്‍ വിമര്‍ശനത്തിന് കാരണമായി.
അത്തതലേനാള് മുതല്‍ സജീവമാകേണ്ട പൂവിപണിയും മന്ദഗതിയിലാണ്. പൂക്കളുടെ പൊള്ളുന്ന വിലയാണ് ഇതിന് പ്രധാന കാരണം. കര്‍ണാടകയിലെ ഗുണ്ടല്പേട്ടയില്നിന്നാണ് പൂക്കള്‍ പ്രധാനമായും വയനാട്ടിലെത്തുന്നത്. ഗുണ്ടല്‍പേട്ടയിലെ മഴക്കുറവ് പൂവിപണി പകുതിയാക്കി. കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ ഉത്സവ വിപണിയെ കാര്യമായി ബാധിച്ചു. മഴ ഇല്ലാത്ത നേരം നോക്കിയാണ് വിപണികള്‍ സജീവമാകുന്നത്.
ചൊവ്വാഴ്ച്ച രാവിലെ പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയും വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി. സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ഇറക്കി സ്വകാര്യവാഹനങ്ങള്‍ തിരിച്ചുപോയതിന് ശേഷമാണ് അവധി പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. അതുകൊണ്ടുതന്നെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് നാല് മണി വരെ വിദ്യാലയങ്ങളില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.
അവധി പ്രഖ്യാപിച്ചതിനാല്‍ കണ്സഷന് കൊടുക്കില്ലെന്ന ചില ബസ്സുടമകളുടെ തീരുമാനവും വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി. കനത്ത മഴയെതുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ചൊവ്വാഴ്ച്ച കാര്യമായി മഴ പെയ്തതുമില്ല. പരീക്ഷാകാലമായതിനാല്‍ വിദ്യാലയങ്ങളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്കൂളിലെത്തി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: