കണ്ണൂര്‍: സ്വശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇത്രയും കുത്തഴിഞ്ഞ രീതിയില്‍ മെഡിക്കല്‍ പ്രവേശനം നടക്കുന്നത് ചരിത്രത്തിലാദ്യം. ഇത്തവണ മെഡിക്കല്‍ പ്രവേശനം താറുമാറായി. മാനേജ്മെന്റുകള്‍ക്ക് മൂക്കു കയറിടുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മാനേജുമെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
കഴിഞ്ഞവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിലും ഫീസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞഫീസില്‍ പഠിക്കാന്‍ അവസരം ലഭിച്ചതിനാല്‍ പരാതി കുറക്കാന്‍ സാധിച്ച. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടു.
നീറ്റ് പരീക്ഷയില്‍ ഏറ്റവും മുന്‍പിലുള്ള 1500 ല്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ ഈ വര്‍ഷം സര്‍ക്കാര്‍ സീറ്റില്‍ പഠിക്കാനാകൂ. കോടതി നിര്‍ദ്ദേശപ്രകാരം 11 ലക്ഷം ഫീസായതോടെ പണക്കാര്‍ക്കു മാത്രമേ മെഡിസിന് പഠിക്കാന്‍ കഴിയൂ. നേരിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ആദ്യ റാങ്കുകളില്‍ കയറിപ്പറ്റാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനം അസാധ്യമായി.
ഉയര്‍ന്ന ഫീസോ കോടതി നിര്‍ദ്ദേശപ്രകാരമുള്ള ബാങ്ക് ഗാരന്റിയോ നല്കാന് കെല്‍പ്പില്ലാത്ത സാധാരണക്കാരായ കുട്ടികള്‍ വഴിയാധാരമായി. ആറ് ലക്ഷം ബാങ്ക് ഗാരണ്ടിയായി നല്കിയാല് മതിയെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് ലഭിക്കണമെങ്കില്‍ തത്തുല്യമായ തുക സ്ഥിരനിക്ഷേപമായോ അല്ലെങ്കില്‍ ഭൂസ്വത്തായോ ബാങ്കിന് ഈട് നല്‍കണം.
ഇതില്ലാത്തവര്‍ക്ക് ബാങ്ക് ഗാരണ്ടി ലഭിക്കില്ല. ഒരുവര്‍ഷം 11 ലക്ഷം രൂപ എന്ന കണക്കില്‍ എംബിബിഎസ് കോഴ്സിന് നിലവില്‍ 55 ലക്ഷം രൂപ ഫീസ് അടക്കേണ്ടിവരും. ബാങ്കുകളാകട്ടെ ഇത്രയും വലിയ തുക വിദ്യാഭ്യാസ വായ്പയായി നല്‍കില്ല.
എംബിബിഎസ് സീറ്റിന് 11 ലക്ഷം രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പാലിക്കുന്ന മൗനം ചര്‍ച്ചയായി. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാറുകളെല്ലാം സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നടപടികളാണ് കഴിഞ്ഞകാലങ്ങളിലെല്ലാം എടുത്തിട്ടുള്ളത്.
ഇതിന്റെ തുടര്‍ച്ചയാണ് ഫീസ് വിഷയത്തില്‍ കോടതിയില്‍ നിന്നുണ്ടായ വിധിയും. ഫീസ് എന്തുകൊണ്ട് അഞ്ചുലക്ഷമാക്കിയെന്ന കോടതിയുടെ ചോദ്യത്തിന് ഇടതു സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന് മൗനം പാലിക്കുകയായിരുന്നു എന്നതും സര്‍ക്കാറിന്റെ മാനേജ്മെന്റ് അനുകൂല നിലപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: