തൃശൂര്‍: ഓണക്കാലത്തെ മുന്‍നിര്‍ത്തി അതിരപ്പിളളി ഉള്‍പ്പെടെയുളള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കണമെന്ന് ബി.ഡി.ദേവസ്സി എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതിയില്‍ 5 പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു. ജില്ലയില്‍ ശക്തന്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുളള പ്രൈവറ്റ് സ്റ്റാന്‍ഡുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് കാര്യമായ പരിഗണന നല്‍കണം. കൃഷിയുമായി ബന്ധപ്പെട്ട ബണ്ടുകള്‍ യഥാസമയം ക്രമീകരണം, നിലം നികത്തല്‍ ശക്തികള്‍ക്കെതിരെ നടപടി എന്നീ ആവശ്യങ്ങള്‍ മുരളി പെരുനെല്ലി എം.എല്‍.എ വികസന സമിതിയില്‍ ഉന്നയിച്ചു.
വനിത ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാരോട് മോശമായി പെരുമാറിയ ബസ് ജീവക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ആവശ്യപ്പെട്ടു. 26 ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് ഒരു വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സു കൂടി നിരത്തിലിറക്കുമെന്നു അവര്‍ വികസന സമിതിയില്‍ അറിയിച്ചു.
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും കൈവഴി തോടുകളും സംരക്ഷിച്ച് ജലം സംഭരിച്ച് കൃഷി നാശം ഒഴിവാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് നല്‍കണം. ചേലക്കര നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളിലും തലപ്പിളളി താലൂക്കിലും മഴക്കുറവുണ്ടായതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 2000 ഓളം ഏക്കര്‍ കൃഷി നശിക്കുകയുണ്ടായി. ഇനിയും അപ്രകാരമുണ്ടാകാതിരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും പ്രമേയങ്ങളിലൂടെ യു.ആര്‍.പ്രദീപ് എം.എല്‍.എ ആവശ്യപ്പെട്ടു.
കാനോലിക്കനാല്‍ ഹരിതകേരളം മിഷന്‍ ഏറ്റെടുത്ത് ശുചീകരണം, ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടരുത്, കയ്‌പമംഗലം മണ്ഡലത്തിലെ ഒഴിഞ്ഞു കിടക്കുന്ന സുനാമി വീടുകള്‍ ലിസ്റ്റിലുളള അര്‍ഹരായവര്‍ക്ക് അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
പ്ലാന്‍ഫണ്ട് വിനിയോഗം കൃത്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാ ഓഫീസര്‍മാരും ഉടന്‍ സാങ്കേതികാനുമതി വാങ്ങണം. ജില്ലാ പ്ലാനുണ്ടാക്കുന്നതിനുളള പ്രൊഫോര്‍മ ആഗസ്റ്റ് 31 നകം നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, വ്യവസായ വകുപ്പു മന്ത്രിയുടെ പ്രതിനിധി ടി.കെ.വാസു, എ.ഡി.എം സി.വി.സജന്‍, യു.ഗീത, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
















