പോത്തന്‍കോട്: പോത്തന്‍കോട് പോലീസ് സ്റ്റേഷനു മുന്നിലെ തെരുവ് വെളിച്ചം നിലച്ചിട്ട് നാളുകള്‍ ഏറെയായി. രാത്രി കാലങ്ങളില്‍ സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ എത്തുന്നവര്‍ ഇരുട്ടില്‍ തപ്പി തടയുന്ന അവസ്ഥയാണ്. സ്റ്റേഷനു മുന്നിലെ വളഞ്ഞ റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ നിരവധി അപകടങ്ങളും നിത്യസംഭവമാണ്. സ്റ്റേഷനു സമീപത്തായിട്ടാണ് സര്‍ക്കാര്‍ മദ്യശാല പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരങ്ങളില്‍ മദ്യപാനികളുടെ തിരക്കയാതതിനാല്‍ തെരുവ് വിളക്കിന്റെ വെളിച്ചമില്ലാതെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും കാല്‍നട യാത്ര ചെയ്യാന്‍ ഭയമാണ്. മദ്യശാലയില്‍ എത്തുന്ന അക്രമിസംഘങ്ങള്‍ ഇരുട്ടിന്റെ മറവില്‍ അക്രമണം നടത്തുന്നതും സ്ഥിരം സംഭവമാണ്. ഇരുട്ടായതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അക്രമികളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. തെരുവ് വിളക്ക് പ്രകാശിപ്പിക്കാനായി പോലീസ് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
















