മലപ്പുറം: സരസ് കലാ-വിപണന മേളക്ക് ഇന്ന് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ തുടക്കമാകും. 23 സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ പത്തിലേറെ ജില്ലകളില്‍ നിന്നുമായി ഇരുന്നുറ്റി അമ്പതോളം സ്റ്റാളുകള്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങി.
ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന ഗ്രാമവികസന വകുപ്പുകളുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പുനുകീഴിലുള്ള കുടുംബശ്രീ മിഷനാണ് മേള സംഘടിപ്പിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സെപ്തംബര്‍ മൂന്നിന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
വൈകീട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, എംപി ഇന്നസെന്റ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
ഗുജറാത്ത്, ഗോവ, ആസ്സാം, രാജസ്ഥാന്, ആന്ഡ്രാപ്രദേശ്, മണിപ്പൂര്‍, സിക്കിം, ഹരിയാന, മേഘാലയ, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, നാഗാലാന്റ്, പഞ്ചാബ്, ഉത്തരാഖണ്ഢ്, മദ്ധ്യപ്രദേശ്, ത്രിപുര, വെസ്റ്റ് ബംഗാള്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ്സ, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്വയംസഹായ സംഘങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനായി എത്തിയിട്ടുള്ളത്. പ്രാദേശിക ഉല്പന്നങ്ങളും കൗകുക കരകൗശല വസ്തുക്കളും ഭക്ഷ്യ ഉല്പന്നങ്ങളുമായാണ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സംഘങ്ങള്‍ എത്തിയിട്ടുള്ളത്. സംസ്ഥാന കുടുംബശ്രീക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷ്യ സംസ്കാരം അടുത്തറിയുന്നതിന് ഫുഡ്കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ്കോര്ട്ടില് 300 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: