കാക്കനാട്: ജില്ലാ ഭരണകൂടവും താലൂക്ക്, വില്ലേജ് ഓഫീസുകളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വരുന്നു. ഇതിനുള്ള സാങ്കേതിക കാര്യങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫോമാര്‍റ്റിക്സ് സെന്ററിനെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി. നിലവില്‍ എറണാകുളം കളക്ടറേറ്റിലേക്ക് എല്ലാവരെയും വിളിച്ചു കോണ്‍ഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്.
പുതിയ പദ്ധതി വിശദീകരണവും പരിശീലനവും വേണ്ടിവരുമ്പോള്‍ വില്ലേജ് ഓഫീസര്‍, പഞ്ചാത്ത് പ്രസിഡന്റ്, സെക്രട്ടറി, എഇഒ, പ്രധാനാധ്യാപകര്‍, ഐസിഡിഎസ്, കൃഷി, സിവില്‍ സപ്ലൈസ് തുടങ്ങി താഴേത്തട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും കളക്ടറേറ്റിലേക്ക് വിളിക്കുകയാണ് ചെയ്യുന്നത്. ഒട്ടേറെ പഞ്ചായത്തുകളും വില്ലേജുമുള്ള ജില്ലയില്‍ യാത്രച്ചെലവിനായി പതിനായിരക്കണക്കിന് രൂപയാണ് വിവിധവകുപ്പുകള്‍ ചെലവഴിക്കേണ്ടിവരുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഓരോ താലൂക്ക് ആസ്ഥാനങ്ങളിലും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കളക്ടറേറ്റിലിരുന്നുതന്നെ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍ക്ക് അവരുമായി കണ്ട് സംവദിക്കാനും നിര്‍ദേശങ്ങള്‍ നല്കാനുമാകും. വിവിധ സ്ഥലങ്ങളില്‍ നിന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടത്തിലേക്ക് വാഹനത്തില്‍ വന്നു പോകുമ്പോള്‍ വേണ്ടിവരുന്ന ഇന്ധനച്ചെലവും ഡ്രൈവറുടെ വേതനവും മാത്രം മതിയാകും ഈ സംവിധാനത്തിന്റെ പ്രതിമാസ ബില്ല് അടയ്ക്കാനെന്നാണ് റവന്യുവിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിമാസം 3000 രൂപ നല്കിയാല് രണ്ട് ഓഫീസുകള്‍ തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് ഈ മേഖലയിലെ വിദഗദ്ധര്‍ പറയുന്നു. ജില്ലയിലെ ഏഴ് താലൂക്കുകളിലും നോഡുകള്‍ സ്ഥാപിച്ചാല്‍ 24 മണിക്കൂറും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കാന്‍ വളരെകുറഞ്ഞ ചെലവില്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: