തിരൂര്‍: മലയാളസര്‍വ്വകലാശാലയുടെ സാമൂഹ്യ സേവന സംരംഭങ്ങളുടെ ഭാഗമായി അഞ്ച് ലക്ഷത്തോളം രൂപ ചെലവില്‍ പുതുക്കിപ്പണിത പടിയം യുവജന വായനശാല ഉദ്ഘാടനസജ്ജമായി.
27ന് വൈകിട്ട് 5ന് മന്ത്രി ഡോ. കെ.ടി ജലീല്‍ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കുട്ടികള്‍ക്കായി ബാലസാഹിത്യകൃതികളും പ്രത്യേക ഇരിപ്പിടങ്ങളുമൊക്കെയായി തയ്യാറാക്കിയ ലൈബ്രറിയിലെ ചില്‍ഡ്രന്‍സ് കോര്‍ണര്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
ശോച്യാവസ്ഥയിലായിരുന്ന ലൈബ്രറി കല്‍ക്കത്ത രാജാറാം മോഹന്റോയ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് സര്‍വ്വകലാശാല പുതുക്കിപ്പണിതത്. പുതുതായി ആയിരത്തോളം പുസ്തകങ്ങള്‍ നല്‍കിയതിന് പുറമെ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടറുകള്‍, സ്കാനര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലൈബ്രറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കോര്‍ണറില്‍ ചലച്ചിത്രങ്ങള്‍ കാണാനുള്ളതടക്കമുള്ള സംവിധാനങ്ങളുണ്ട്. സര്‍ക്കാരില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യമാക്കുന്ന കേന്ദ്രവും ഉടന്‍ ലൈബ്രറിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്ത്രീകള്‍ക്കായുള്ള കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി തുടങ്ങാനും ലൈബ്രറിക്ക് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: